കൊച്ചി: ബംഗളൂരുവില്‍ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരായ ലതയ്ക്കും സ്മിതയ്ക്കും അന്ത്യാഞ്ജലി നേർന്ന് നാട്ടുകാരും വീട്ടുകാരും. രണ്ടു ആംബുലന്‍സുകളിലായാണ് രാമമംഗലം സ്വദേശികളായ ലതയുടെയും സ്മിതയുടെയും മൃതദേഹം എത്തിച്ചത്. രാമമംഗലം പഞ്ചായത്ത് ഓഫീസിന് മുറ്റത്ത് പൊതുദര്‍ശനം നടന്നു. ഇരുവരെയും അവസാനമായി കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. വൈകിട്ട് നാലോടെ രാമമംഗലം ശ്മശാനത്തില്‍ സംസ്കാരം നടക്കും. മൂവാറ്റുപുഴയിലെ കോട്ടപ്പുറത്ത് അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റിലെ അംഗങ്ങളാണ് ഇവര്‍. വിനോദയാത്രക്കായാണ് ബംഗളൂരുവില്‍ പോയത്. ശിവാജി നഗറില്‍ ഷോപ്പിംഗിന് പോയ ഇവര്‍ മഴ നനയാതിരിക്കാനാണ് ആശുപത്രി കൊമ്പൗണ്ടിലെ ടാര്‍പോളിന്‍ ഷീറ്റിന് താഴെ നിന്നത്.
കനത്ത മഴയില്‍ ആശുപത്രിയുടെ മതില് ഇടിഞ്ഞു വീഴുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ നല്‍കും. ചികിത്സയിലുള്ളവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രീതി, സിജി, മായ എന്നിവരുടെ ആരോഗ്യനിലയില്‍ നിലവില്‍ പുരോഗതിയുണ്ട്.

