യുഎസിൽ നിന്നും നാട്ടിലെത്തിയ മലയാളി സഹോദരിമാർ കന്യാകുമാരിയിൽ മരിച്ച നിലയിൽ

  • Home-FINAL
  • Business & Strategy
  • യുഎസിൽ നിന്നും നാട്ടിലെത്തിയ മലയാളി സഹോദരിമാർ കന്യാകുമാരിയിൽ മരിച്ച നിലയിൽ

യുഎസിൽ നിന്നും നാട്ടിലെത്തിയ മലയാളി സഹോദരിമാർ കന്യാകുമാരിയിൽ മരിച്ച നിലയിൽ


തിരുവനന്തപുരം: കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കന്യാകുമാരി കടലിൽ കണ്ടെത്തി. അമേരിക്കയിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ കോട്ടയം കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. കിടങ്ങൂർ സൗത്ത് ചന്തക്കവലയിൽ എടാട്ട് വീട്ടിൽ ഫിലിപ്പ്, മേരിക്കുട്ടി ദമ്പതികളുടെ മക്കളാണ്.
ഇരുവരും രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 26ന് വൈകിട്ടാണ് കന്യാകുമാരിയിലെത്തിയത്‌. പിറ്റേന്ന് പുറത്തുപോയ ഇവർ രണ്ടു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ നൽകിയ മൊബൈൽ നമ്പരിൽ വിളിച്ച് ഹോട്ടൽ ജീവനക്കാർ യുവതികളുടെ അമ്മ മേരിയെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പിതാവിന്റെ സഹോദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തി വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കന്യാകുമാരി പൊലീസ് കേസെടുത്തു.

ഇതിനിടെയാണ് ഇന്നു രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ രണ്ടു മൃതദേഹങ്ങളും കണ്ടെത്തി കരയിൽ എത്തിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി നാഗർകോവിൽ ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആൻ ഫിലിപ്പ് എക്‌സ്‌റെ ടെക്‌നീഷ്യനും മീര എൻജിനീയറുമാണ്.

Leave A Comment