ഈദ് ആഘോഷങ്ങളുടെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ വിപുലമായ ‘ഈദ് ട്രിപ്പ്-2026’ സംഘടിപ്പിച്ചു. മനാമ കോറൽ ബേ പാർക്കിൽ നിന്ന് ആരംഭിച്ച യാത്ര പി.സി.ഡബ്ല്യു.എഫ് ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഷറഫ് വി.എം. ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ട്രിപ്പ് കോർഡിനേറ്റർ ജെസ്നി സൈദ് പ്രവർത്തകരെ അഭിസംബോധനം ചെയ്തു.ഇത്തരത്തിലുള്ള വിനോദയാത്രകൾ പ്രവർത്തകർക്കിടയിലെ പരസ്പര സ്നേഹബന്ധം കൂടുതൽ സുദൃഢമാക്കാൻ സഹായിക്കുമെന്ന് പി.സി.ഡബ്ല്യു.എഫ് ലേഡീസ് വിംഗ് പ്രസിഡൻ്റ് ലൈല റഹ്മാൻ പറഞ്ഞു.പരിപാടിയിൽ കലാവേദി കൺവീനർ നസീർ പൊന്നാനി, അസിസ്റ്റൻ്റ് കോർഡിനേറ്റർ നബീൽ, ഉപദേശക സമിതി അംഗം സമീറ സിദ്ദീഖ്, ട്രഷറർ അൻവർ, ലേഡീസ് വിംഗ് ട്രഷറർ സിത്താര നബീൽ എന്നിവർ ആശംസകൾ നേർന്നു. പി.സി.ഡബ്ല്യു.എഫ് ജോയിൻ്റ് സെക്രട്ടറി അലി കാഞ്ഞിരമുക്ക് ഏവർക്കും നന്ദി അറിയിച്ചു.ബഹ്‌റൈനിലെ പ്രധാന ചരിത്ര-വിനോദ സഞ്ചാര കേന്ദ്രങ്ങളും ഡിൽമുൻ കാലഘട്ടത്തിലെ രാജകീയ ആസ്ഥാനവുമായ ബഹ്റൈൻ ഫോർട്ട് (Qal’at al-Bahrain), റാസ് സനദ് കണ്ടൽക്കാടുകൾ (Ras Sanad Mangrove Forest), ബുഹൈർ വാലി (Buhair Valley), റിഫ ഫോർട്ട് എന്നറിയപ്പെടുന്ന ഷെയ്ഖ് സൽമാൻ ബിൻ അഹമ്മദ് ഫോർട്ട്, മറാസി ഗലേറിയ ലൈറ്റ് ഷോ, ബഹ്റൈൻ ബേ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ വിനോദയാത്ര പ്രവർത്തകർക്ക് നവ്യാനുഭവമായി. ആവേശകരമായ ഈ ഈദ് ട്രിപ്പ് മനാമ കോറൽ ബേയിൽ വെച്ചുതന്നെയാണ് വിജയകരമായി സമാപിച്ചത്.
