ലോകകപ്പ് സന്നാഹമത്സരം; ഫ്രാൻസിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്

  • Home-FINAL
  • Business & Strategy
  • ലോകകപ്പ് സന്നാഹമത്സരം; ഫ്രാൻസിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്

ലോകകപ്പ് സന്നാഹമത്സരം; ഫ്രാൻസിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്


നാന്റസ്: ലോകകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഫ്രാൻസിന് അപ്രതീക്ഷിത തിരിച്ചടി. നാന്റസിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐവറി കോസ്റ്റാണ് മുൻ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ചത്. സൂപ്പർ താരം കിലിയൻ എംബാപ്പെ യുടെ നായകത്വത്തിൽ ഇറങ്ങിയ ഫ്രഞ്ച് പടയെ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഐവറി കോസ്റ്റ് ഞെട്ടിച്ചത്. മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ഇരുടീമുകളും മികച്ച ആക്രമണ ഫുട്ബോ ളാണ് പുറത്തെടുത്തത്. എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രാൻസ് നിരന്തരം ഐവറി കോസ്റ്റ് ബോക്സിലേക്ക് ഇരച്ചുകയറിയപ്പോൾ, കിട്ടിയ അവസരങ്ങളിലെല്ലാം ഐവറി കോസ്റ്റും ശക്തമായി തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഫ്രാൻസ് മത്സരത്തിൽ ലീഡെടുത്തു. യുവതാരം റയാൻ ചെർക്കിയാണ് ഫ്രഞ്ച് പടയ്ക്കായി വലകുലുക്കിയത് (1-0). ആദ്യ പകുതിക്ക് പിന്നാലെ കിലിയൻ എംബാപ്പെ, മൈക്കേൽ ഒലിസെ, ഔറേലിയൻ ചൗമേനി എന്നീ പ്രമുഖ താരങ്ങളെ ഫ്രാൻസ് പരിശീലകൻ തിരിച്ചുവിളിച്ചു.

പ്രമുഖ താരങ്ങൾ കളംവിട്ടതോടെ രണ്ടാം പകുതിയിൽ കളി മാറിമറിഞ്ഞു. ആക്രമണം കടുപ്പിച്ച ഐവറി കോസ്റ്റ് ഫ്രാൻസിനെ സമ്മർദ്ദത്തിലാഴ്ത്തി. മത്സരത്തിന്റെ 53-ാം മിനിറ്റിൽ ഗേല ഡ്വേയിലൂടെ ഐവറി കോസ്റ്റ് സമനില പിടിച്ചു (1-1). ഇതിന് ശേഷം ഫ്രാൻസിന്റെ മുന്നേറ്റങ്ങളെല്ലാം ഐവറി കോസ്റ്റ് പ്രതിരോധം കൃത്യമായി തടഞ്ഞു. മത്സരം സമനിലയിലേക്ക് നീങ്ങവെ, 83-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമദ് ഡയാല്ലോ ഐവറി കോസ്റ്റിന്റെ വിജയഗോൾ നേടി (2-1). വൈകിവന്ന ഈ ഗോളോടെ പ്രതിരോധത്തിലായ ഫ്രാൻസിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചില്ല. തോൽവി ഫ്രഞ്ച് ക്യാമ്പിൽ ആശങ്കയുണർത്തുന്നുണ്ടെങ്കിലും പിഴവുകൾ തിരുത്താനുള്ള അവസരമായാണ് ടീം ഇതിനെ കാണുന്നത്. വരാനിരിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ഐയിലാണ് ഫ്രാൻസ് മത്സരിക്കുന്നത്. സെനഗൽ, ഇറാഖ്, നോർവെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

Leave A Comment