ചെന്നൈ: ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ അണ്ണാ ഡിഎംകെയിൽനിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയിൽനിന്ന് രാജിവെച്ചു. ഇവർ ടിവികെയ്ക്കൊപ്പം ചേർന്നു. നേരത്തെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളും ടിവികെയ്ക്കൊപ്പം ചേർന്നത്. എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, പുതുമലൈ രാധാകൃഷ്ണൻ, എൻ.ആർ. ശിവപതി എന്നിവരാണ് ടിവികെയ്ക്കൊപ്പം ചേർന്ന എഐഎഡിഎംകെ നേതാക്കൾ. അണ്ണാ ഡിഎംകെയിൽ എടപ്പാടി പളനിസാമിയുമായി ഇടഞ്ഞുനിൽക്കുന്ന ടി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗത്തിൽനിന്നുള്ള കൂടുതൽപേർ ഇനിയും ടിവികെയ്ക്കൊപ്പം ചേർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വൻതോതിൽ വിമർശനമാണ് ഇപിഎസിനെതിരേ പാർട്ടിക്കുള്ളിൽ ഉയരുന്നത്.
ഇതിനിടെ, തമിഴ്നാട് രാഷ്ട്രീയത്തിൽ മറ്റൊരു മുന്നേറ്റവുമായി കെ. അണ്ണാമലൈ രംഗത്തെത്തി. ബിജെപിയിൽനിന്ന് രാജിവെച്ച അണ്ണാമലൈ കഴിഞ്ഞ ദിവസം പുതിയ സംഘർനടയ്ക്ക് രൂപം കൊടുത്തിരുന്നു. വി ദ ലീഡേഴ്സ് എന്ന സംഘടനയിൽ ഇതിനകം പതിമൂന്ന് ലക്ഷത്തോളം പേർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
