2026 ജൂൺ 14-ന് ബഹ്റൈൻ കേരളീയ സമാജം അംഗങ്ങളുടെ ഒരു സംഗമം സംഘടിപ്പിച്ചതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു . ബഹ്റൈൻ രാജാവും രാജ്യത്തിന്റെ പരമാധികാരിയുമായ ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫയോടുള്ള അചഞ്ചലമായ വിശ്വസ്തതയും പിന്തുണയും പ്രകടിപ്പിക്കുന്നതിനായിരുന്നു ഈ പരിപാടി.പരിപാടിക്കിടെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ രാജാവിന്റെ ദീർഘദർശിത്വമുള്ള നേതൃത്വത്തിലുള്ള പൂർണ വിശ്വാസം വീണ്ടും പ്രഖ്യാപിക്കുകയും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച എല്ലാ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു. പ്രവാസി സമൂഹങ്ങൾക്ക് സുരക്ഷിതവും ക്ഷേമവും ഉറപ്പോടെയുള്ള ജീവിതത്തിനും പ്രവർതനത്തിനും അവസരം ഒരുക്കിയ ബഹ്റൈന്റെ കരുതലിനും സമാധാനം, സഹിഷ്ണുത, സഹവർത്തിത്വം എന്നീ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഈ രാജ്യത്തു വസിക്കുന്നതിലുള്ള സാന്തോഷവും അഭിനന്ദനവും അവർ രേഖപ്പെടുത്തി.ദേശീയ ഐക്യത്തെയും സുരക്ഷയെയും സ്ഥിരതയെയും തകർക്കാൻ ശ്രമിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനായി രാജ്യം സ്വീകരിച്ച എല്ലാ നടപടികൾക്കും സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ബഹ്റൈന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ നേട്ടങ്ങൾ നിലനിർത്തുന്നതിനും എല്ലാ നിവാസികളുടെയും ക്ഷേമത്തിനായുള്ള സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുമായുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ നടപടികളെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ ഭാവി വികസനത്തിനായുള്ള ദേശീയ കാഴ്ചപ്പാട് വ്യക്തമാക്കിയ രാജാവിന്റെ സമീപകാല പ്രസ്താവനകൾക്കും അംഗങ്ങൾ പൂർണ പിന്തുണ അറിയിച്ചു. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും രാജ്യത്തിന്റെ സമഗ്ര വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും നൽകിയ പ്രാധാന്യത്തെ അവർ അഭിനന്ദിച്ചു.ബഹ്റൈൻ കേരളീയ സമാജം അംഗങ്ങൾ രാജാവിനോടുള്ള തങ്ങളുടെ വിശ്വസ്തതയും കൂറും പിന്തുണയും വീണ്ടും ഉറപ്പിക്കുകയും, ഇന്ത്യൻ സമൂഹത്തോട് ബഹ്റൈൻ രാജ്യം കാണിച്ചുവരുന്ന ആതിഥ്യത്തിനും അവസരങ്ങൾക്കുമുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.മഹാരാജാവ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈൻ കൈവരിക്കുന്ന തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും തങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകുമെന്ന കൂട്ടായ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.
