മലപ്പുറം: ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തിരിച്ചടിയായെന്ന് സിപിഎം നേതാവ് പി.രാജീവ്. ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, ആ മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല എന്നാണ് പാർട്ടി വിലയിരുത്തിയത്. ആളുകൾക്കിടയിൽ അത് മറ്റൊരു ബോധം രൂപപ്പെടുത്തി. വെള്ളാപ്പള്ളിക്കെതിരെ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയെന്നും രാജീവ് പറഞ്ഞു.
അടിമുടി സംഘടനാദൗർബല്യമുണ്ടെന്നു സമ്മതിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട്. സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനം ജില്ല, ഏരിയ, ലോക്കൽ, ബ്രാഞ്ച് തലം വരെ എത്തിച്ചു പ്രാവർത്തിക മാക്കുന്നതിൽ ഓരോ ഘടകത്തിന്റെയും നേതൃത്വത്തിനു പോരായ്മയുണ്ടായി. ഏറ്റെടുക്കുന്ന പ്രവർത്തനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ചു കമ്മിറ്റികളിൽ പലർക്കും ധാരണയില്ല. ഈ ദൗർബല്യം കേരളത്തിലെ എല്ലാ ഘടകത്തിലുമുണ്ട്. ഇത്രയും കനത്ത പരാജയം മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന കമ്മിറ്റി പരാജയപ്പെട്ടെന്നും നേതൃത്വം തുറന്നു സമ്മതിച്ചിരുന്നു.
പരാജയത്തിനു പാർട്ടി കണ്ടെത്തിയ 12 കാരണങ്ങൾ
- എസ്ഐആർ ന്യൂനപക്ഷങ്ങളിലുണ്ടാക്കിയ ആശങ്ക കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും സിപിഎമ്മിനെതിരെ ഉപയോഗിച്ചു. എസ്ഐആർ നടപ്പാക്കുന്നതു പിണറായി വിജയനാണെന്ന കുപ്രചാരണം ന്യൂനപക്ഷത്തെ ഇടതുചേരിയിൽനിന്ന് അകറ്റി.
- മതത്തെ ഉപയോഗിച്ചു വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ മുസ്ലിം ലീഗ് ശ്രമം നടത്തി.
- ലോക്സഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ ബിജെപിക്ക് 6% വോട്ട് കുറഞ്ഞു. ഈ വോട്ട് 30 മണ്ഡലങ്ങളിൽ യുഡിഎഫിനു ലഭിച്ചു.
- കോൺഗ്രസും ബിജെപിയും പണമൊഴുക്കി. ബിജെപി ക്ഷേത്രഭാരവാഹികളെ സ്വാധീനിച്ചു. വോട്ടർമാരുടെ ബാങ്ക് വായ്പകൾ അടച്ചുതീർത്തു.
- സർക്കാരിന്റെ നേട്ടം ജനങ്ങളിൽ എത്തിക്കുന്നതിൽ പോരായ്മ സംഭവിച്ചു.
- വലതുപക്ഷ മാധ്യമങ്ങൾ സർക്കാരിനും പാർട്ടിക്കുമെതിരെ നടത്തിയ കള്ളപ്രചാരവേല വേണ്ടത്ര പ്രതിരോധിക്കാനായില്ല.
- പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്കു വീഴ്ച പറ്റി. തീരുമാനം അംഗീകരിച്ച സംസ്ഥാന കമ്മിറ്റിക്കും പിഴച്ചു.
- വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകൾ വേണ്ടത്ര ഊക്കോടെ പാർട്ടി തള്ളിപ്പറഞ്ഞില്ലെന്ന തോന്നൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ രൂപപ്പെട്ടു. ഈ സംശയം ദൂരീകരിക്കാനായില്ല.
- അയ്യപ്പസംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതു തിരിച്ചടിയായി. സംഗമം സർക്കാരിന്റേതാണെന്ന തരത്തിൽ ചിത്രീകരിക്കപ്പെട്ടതും തിരിച്ചടിച്ചു.
- ശബരിമല സ്വർണക്കൊള്ളക്കേസിൽ എ.പത്മകുമാറിനെതിരെ തുടക്കത്തിൽത്തന്നെ പാർട്ടി കർശന നടപടിയെടുത്തില്ലെന്ന പ്രചാരണം എൽഡിഎഫിനെ ബാധിച്ചു
- താഴെത്തട്ടുവരെ പാർട്ടിക്കു സംഘടനാപരമായ ദൗർബല്യമുണ്ടായി.
- പത്തുവർഷമായ സ്ഥിതിക്ക് ഇനി മാറ്റം വരട്ടെയെന്ന ചില സാഹിത്യനായകരുടെ അഭിപ്രായപ്രകടനം ഒരു വിഭാഗം വോട്ടർമാരെ സ്വാധീനിച്ചു.
