കൊച്ചി: യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണത്തിന് മോഹൻലാലിൻറെ കൈയടി. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് ഈ ബജറ്റെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കൊച്ചിയിൽ ജെ.സി.ഡാനിയേൽ ഇൻർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം, സിനിമയ്ക്ക് വ്യവസായ പദവി നൽകൽ, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി, വ്യാജ സിനിമകൾ നിരോധിക്കാൻ ആന്റി പൈറസി സല്ലുകൾ രൂപീകരിക്കൽ, ദേശീയ അന്താരാഷ്ട്ര സിനിമ നിർമാണത്തെ ആകർഷിക്കുന്നതിനായി അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനായി നൂറ് കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
അന്തരിച്ച നടൻ സലിംകുമാറിനായി എറണാകുളത്ത് സ്മാരകം നിർമിക്കും. ഒരു കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. എം.ടി. വാസുദേവൻ നായരുടെ ഓർമയ്ക്കായി അദ്ദേഹത്തിൻറെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും സ്ഥാപിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗം കളി, അയ്നിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കും. ജെൻ-സി കുട്ടികൾക്കായി അവരുടെ ഷോർട്ഫിലിമുകൾ, ഡോക്യുമെൻററികൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും നൃത്ത സംഗീതങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനും സൗകര്യം ഒരുക്കും. ഇതിലൂടെ വിനോദ-വിഞ്ജാന കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ഉദ്ദേശ്യം. 50 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിൻറെ നടത്തിപ്പിനായി കേരള കൾച്ചറൽ ടൂറിസം ട്രെസ്റ്റ് രൂപികരിക്കും.
കൂടാതെ മൺമറഞ്ഞ വിഖ്യാത സംഗീതസംവിധായകൻ ജോൺസൺ മാഷിൻറെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നതിനും ഒരു കോടി മാറ്റിവച്ചിട്ടുണ്ട്.
