ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടും ശക്തമായ പ്രതിഷേധവുമായി കൊക്രോച്ച് ജനതാ പാർട്ടി (സിജെപി). പരീക്ഷകളിലെ ക്രമക്കേടുകൾക്കും ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടും സർക്കാരിന്റെ ഉത്തരവാദിത്വം ചോദ്യം ചെയ്തുമാണ് ശനിയാഴ്ച രാജ്യതലസ്ഥാനത്ത് സിജെപി പ്രവർത്തകർ വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചത്. ധാരാളം വിദ്യാർത്ഥികളും പ്രവർത്തകരും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും ഉറപ്പാക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. സുതാര്യമായ പരീക്ഷകൾ ഉറപ്പാക്കുന്നതിലും ഉദ്യോഗാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.
പ്രതിഷേധ സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയുടെ ആഹ്വാനപ്രകാരം ‘താലിയും ചമ്മച്ചും’ (പാത്രങ്ങളും സ്പൂണുകളും) കൊണ്ടാണ് മിക്ക പ്രവർത്തകരും പ്രതിഷേധത്തിനെത്തിയത്. വിദ്യാർത്ഥികളും പാർട്ടി പ്രവർത്തകരും ഒത്തുചേർന്ന് പാത്രങ്ങൾ കൊട്ടി ശബ്ദമുയർത്തിക്കൊണ്ടാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
