കൊച്ചി: തനിക്ക് പൂർണ്ണമായ നീതി ലഭിച്ചെന്നും, അമ്മ ജനറൽ ബോഡി യോഗത്തിൽ ഞായറാഴ്ച നടന്നത് ചരിത്രപരമായ കാര്യങ്ങളാണെന്നും നടി അൻസിബ ഹസൻ. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടരാജിയെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. എല്ലാ അംഗങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞ ഒരു ജനറൽ ബോഡിയാണ് ഇന്ന് നടന്നത്. എന്റെ ഭാഗത്തുനിന്നുള്ള കാര്യങ്ങളെല്ലാം യോഗത്തിൽ കൃത്യമായി സംസാരിക്കാൻ സാധിച്ചു. ആ അവസരം ഞാൻ ചോദിച്ചു വാങ്ങിയതാണ്. അതിന് അമ്മയിലെ ഓരോ അംഗങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു, നന്ദി പറയുന്നു. ഇവിടെനിന്ന് വിട്ടുപോയവരെ തിരിച്ചുവിളിക്കണമെന്നാണ് ഇനി വരുന്ന പുതിയ കമ്മിറ്റിയോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. വരുന്നതും വരാതിരിക്കുന്നതും ഇനി അവരുടെ വ്യക്തിപരമായ തീരുമാനമാണ്,” അൻസിബ വ്യക്തമാക്കി. “അമ്മയുടെ 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സംഭവം നടക്കുന്നത്. എല്ലാ കാര്യങ്ങളും അംഗങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. അവിശ്വാസ പ്രമേയത്തിൽ ഇത്രയധികം അംഗങ്ങൾ പങ്കെടുത്തതും ആദ്യമായാണ്. എല്ലാ അംഗങ്ങളും തങ്ങളുടെ നിലപാടുകൾ കൃത്യമായി വ്യക്തമാക്കിയ യോഗമായിരുന്നു ഇത്.
കഴിഞ്ഞ ഭരണസമിതിക്ക് വരവുചെലവ് കണക്കുകൾ കൃത്യമായി ബോധിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കണക്കുകളെക്കുറിച്ച് കമ്മിറ്റി അംഗങ്ങൾ നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, അവർ സമയം നീട്ടി ചോദിക്കുകയായിരുന്നു ചെയ്തത്. തികച്ചും ബാലിശമായ ആ ന്യായീകരണങ്ങളൊന്നും ജനറൽ ബോഡിയിൽ വിലപ്പോയില്ല. നീനാ കുറുപ്പ് ചേച്ചിയുടെ ചില പ്രശ്നങ്ങളും ഞാൻ ഉന്നയിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. എനിക്ക് പറയാനുള്ളതെല്ലാം കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചത്. അതുവരെ നിലവിലെ കമ്മിറ്റി എനിക്ക് സംസാരിക്കാൻ അനുവാദം തന്നിരുന്നില്ല. എന്നാൽ, മറ്റുള്ള അംഗങ്ങൾ ഒത്തുചേർന്ന് ഇടപെട്ടാണ് എനിക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കിത്തന്നത്. ഏതൊക്കെ വിഷയങ്ങളിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരുന്നതെന്ന് കൃത്യമായി തുറന്നുപറയാൻ കഴിഞ്ഞു. എല്ലാം പറയാനായതിൽ വലിയ സമാധാനമുണ്ട്.
ഇപ്പോഴെങ്കിലും നീതി കിട്ടിയെന്ന് എനിക്ക് പറയാൻ സാധിക്കും. കാരണം, ഒരു നീതിന്യായ വ്യവസ്ഥയിൽ മുന്നോട്ടുപോകുമ്പോൾ ഒരുപാട് നടപടിക്രമങ്ങളുണ്ട്. അതെല്ലാം തരണംചെയ്തിട്ടുവേണം എനിക്ക് പൂർണ്ണമായ നീതി ലഭിക്കാൻ. ആ നീതിക്കായി ഞാൻ ഇനിയും മുന്നോട്ടുപോകും. ഇന്ന് ജനറൽ ബോഡിയിൽ ഉണ്ടായത് ചരിത്രപരമായ തീരുമാനങ്ങളാണ്. അതിജീവിത ഉൾപ്പെടെ വിട്ടുപോയ എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്നാണ് ഓഗസ്റ്റിൽ അധികാരമേറ്റപ്പോൾ പ്രസിഡന്റ് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ, സംഘടനയിൽ നിന്ന് പോയവരെ തിരിച്ചുവിളിക്കാൻ ഇനി വരുന്ന പുതിയ കമ്മിറ്റി മുൻകൈ എടുക്കണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്നും അൻസിബ പറഞ്ഞു.
