ദോഹ: ഖത്തറിലെ പ്രമുഖ വ്യാവസായിക നഗരമായ റാസ് ലഫാനിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരുമെന്ന് സ്ഥിരീകരിച്ച് ഖത്തർ ഊർജമന്ത്രി. മരിച്ചവരിൽ ഇന്ത്യക്കാരും പാക്കിസ്ഥാൻ സ്വദേശികളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. അപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 66 ആയി ഉയർന്നു. ഇന്നലെ (ഞായർ) രാത്രി ബർസാനിലെ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് അപകടം. സംഭവം നടന്നയുടൻ തന്നെ അടിയന്തര രക്ഷാസേന സ്ഥലത്തെത്തി തീപിടിത്തം പൂർണ്ണമായി നിയന്ത്രണ വിധേയ മാക്കിയിരുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നും സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമാണെന്നും ഊർജമന്ത്രി വ്യക്തമാക്കി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ സാങ്കേതിക അന്വേഷണം പുരോഗമിക്കുകയാണ്. പരുക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, ഗിനിയ, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്.
അപകടത്തിൽ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഹബ്ബുകളിലൊന്നാണ് റാസ് ലഫാൻ. എങ്കിലും ഈ അപകടം ഖത്തറിന്റെ വാതക കയറ്റുമതിനെയോ ഉൽപ്പാദനത്തെയോ ബാധിച്ചിട്ടില്ലെന്നും റാസ് ലഫാൻ തുറമുഖവും മറ്റ് വാതക പ്ലാന്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഖത്തർ എനർജി അറിയിച്ചു. ആഗോള വിപണിയിലേക്കുള്ള വാതക വിതരണത്തെ അപകടം ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
