ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടറെ മാറ്റി

  • Home-FINAL
  • Business & Strategy
  • ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടറെ മാറ്റി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടറെ മാറ്റി


തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലെ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഗീനാ കുമാരിയെ സർക്കാർ പദവിയിൽ നിന്ന് ഒഴിവാക്കി. അഡീഷണൽ ഗവ. പ്ലീഡർ എ.ആർ. ഷാജിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. കേസ് കൈകാര്യം ചെയ്യുന്നതിനായി മുൻ ഗവൺമെന്റ് പ്ലീഡർ അഡ്വക്കേറ്റ് എ. സന്തോഷ് കുമാറിനെ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചു. കേസിലെ ഒൻപതാം പ്രതിക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിലെ വീഴ്ചയാണ് ഗീനാ കുമാരിക്കെതിരായ നടപടിക്ക് പിന്നിൽ. പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ ഒത്തുകളി ആണെന്നും ഗൗരവകരമായ വീഴ്ചയാണെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. സർക്കാരിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ സമീപനമാണ് അവർ കോടതിയിൽ സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രിയും നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

പ്രോസിക്യൂട്ടറുടെ നിലപാടുകളിൽ അസംതൃപ്തി രേഖപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം എസ്.എച്ച്.ഒ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ നേരിട്ട് കണ്ടിരുന്നു. കേസിന്റെ ഗൂഢാലോചന സംബന്ധിച്ച തുടരന്വേഷണത്തിന് നിലവിലെ സാഹചര്യം തിരിച്ചടിയാകുമെന്ന് കണ്ടാണ് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനായിരുന്ന എ. സന്തോഷ് കുമാറിനെയാണ് ഇപ്പോൾ ഈ കേസ് ഏൽപ്പിച്ചിരിക്കുന്നത്. വി.എസ്. അച്യുതാനന്ദനെതിരായ അപകീർത്തി കേസ് ഉൾപ്പെടെയുള്ളവയിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്നത് ഇദ്ദേഹമാണ്.

Leave A Comment