‘ചിലർ അന്തസ്സോടെ പടിയിറങ്ങും, മറ്റുചിലർ…’; ചീഫ് സെക്രട്ടറിയെ വീണ്ടും വിമർശിച്ച് എൻ.പ്രശാന്ത്

  • Home-FINAL
  • Business & Strategy
  • ‘ചിലർ അന്തസ്സോടെ പടിയിറങ്ങും, മറ്റുചിലർ…’; ചീഫ് സെക്രട്ടറിയെ വീണ്ടും വിമർശിച്ച് എൻ.പ്രശാന്ത്

‘ചിലർ അന്തസ്സോടെ പടിയിറങ്ങും, മറ്റുചിലർ…’; ചീഫ് സെക്രട്ടറിയെ വീണ്ടും വിമർശിച്ച് എൻ.പ്രശാന്ത്


തിരുവനന്തപുരം∙ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഇന്നു വിരമിക്കുന്ന എ.ജയതിലകിനെതിരെ വീണ്ടും വിമർശനവുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എൻ.പ്രശാന്ത്. അഞ്ചോ പത്തോ കൊല്ലം ഭരണത്തിന്റെ ചെങ്കോൽ കയ്യിലിരിക്കുമ്പോൾ താൻ തന്നെയാണ് ഈ നാടിന്റെ അധിപനെന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ്, മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഫയലുകൾക്ക് മുകളിൽ വിധി കുറിച്ച ഉദ്യോഗസ്ഥ മേധാവികളുടെ മതിഭ്രമം എന്ന് പ്രശാന്ത് എഫ്ബി പോസ്റ്റിൽ പറയുന്നു. ചീഫ് സെക്രട്ടറിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ദീർഘകാലം സസ്‌പെൻഷനിൽ ആയിരുന്ന പ്രശാന്തിനെ പുതിയ സർക്കാരാണ് അടുത്തിടെ തിരിച്ചു സർവീസിലെടുത്തത്.
പോസ്റ്റിൽ നിന്നും

‘അധികാരത്തിന്റെ ശീതളഛായയിൽ മതിമറന്നു ജീവിക്കുന്നവർ പലപ്പോഴും ഓർക്കാതെ പോകുന്ന ഒരു നിസ്സാരകാര്യമുണ്ട്. തലമുറകളായി നമ്മൾ കണ്ടുപോന്ന ഈ അധികാര കസേരകളൊക്കെയും വെറും താൽക്കാലിക താവളങ്ങൾ മാത്രമാണെന്ന സത്യം. അധികാര സ്ഥാനത്തിരിക്കുന്നവരുടെ വിഭ്രാന്തികൾക്ക് സഹാനുഭൂതിയോടെയുള്ള ചികിത്സാപദ്ധതികൾ നിലവിലില്ല എന്നതാണ് നമ്മുടെ ശാപം. വിസ്മൃതിയുടെ ഇരുളിലേക്ക് ആരും നോക്കാത്ത ഒരു പഴയ ഫയൽ പോലെ വലിച്ചെറിയപ്പെടും വരെ, തങ്ങൾക്ക് ഇവിടെ അസ്തമയമില്ലെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. കാലം അവരെ തൂത്തെറിയും വരെ അവരെ സഹിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ.

മനുഷ്യർ ഔദ്യോഗിക പദവികൾ നേടേണ്ടത് യോഗ്യത കൊണ്ടല്ല, മറിച്ച് ചില വലിയ തമ്പുരാക്കന്മാർക്ക് വഴിവിട്ട ഒത്താശകൾ ചെയ്തു കൊടുക്കാനുള്ള സന്നദ്ധത കൊണ്ടാണ് എന്നവർ തെളിയിക്കുന്നു. സ്വാധീനവും, കൃത്യസമയത്ത് മിണ്ടാതിരിക്കാനുള്ള തന്ത്രവും, അധർമത്തിന് കൂട്ടുനിൽക്കുന്നതും, തെറ്റ് ചെയ്യാൻ പരസ്പരം തുണയാകുന്നതുമാണ് പെട്ടെന്ന് വളരാൻ നല്ലതെന്ന് ഇവർ തുടക്കത്തിലേ പഠിച്ചുവച്ചിട്ടുണ്ട്. എങ്കിലും കാലത്തിന്റെ വലിയ പുസ്തകത്തിൽ ഇതൊക്കെയും രേഖപ്പെടുത്തുക തന്നെ ചെയ്യും’.

Leave A Comment