ബഹ്‌റൈനിൽ നാടൻപാട്ടിന്റെ ഇരമ്പലും മേളപ്പെരുക്കവും; സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ പത്താം വാർഷികവും പഞ്ചാരിമേളം അരങ്ങേറ്റവും പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ നാടൻപാട്ടിന്റെ ഇരമ്പലും മേളപ്പെരുക്കവും; സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ പത്താം വാർഷികവും പഞ്ചാരിമേളം അരങ്ങേറ്റവും പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു

ബഹ്‌റൈനിൽ നാടൻപാട്ടിന്റെ ഇരമ്പലും മേളപ്പെരുക്കവും; സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ പത്താം വാർഷികവും പഞ്ചാരിമേളം അരങ്ങേറ്റവും പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു


കഴിഞ്ഞ പത്തു വർഷമായി ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ സാംസ്കാരിക-ആഘോഷ രാവുകളിലെ സജീവ സാന്നിധ്യമായ ‘സഹൃദയ നാടൻ പാട്ട് സംഘം പയ്യന്നൂർ ബഹ്‌റൈൻ’ പത്താം വാർഷികവും പഞ്ചാരി മേളം അരങ്ങേറ്റവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലയും പ്രവാസവും സമന്വയിച്ച വേദി, തനിമയാർന്ന നാടൻ കലകളുടെയും മേളപ്പെരുക്കത്തിന്റെയും ആവേശക്കടലായി മാറി.പ്രശസ്ത വാദ്യ കലാകാരൻ ശ്രീഹരി ചെറുതാഴത്തിന്റെ ശിക്ഷണത്തിൽ പഞ്ചാരി മേളം അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം ചടങ്ങിന് ഗാംഭീര്യം കൂട്ടി. ബഹ്‌റൈനിലെ പ്രശസ്തമായ ‘സോപാനം വാദ്യകലാ സംഘ’ത്തിലെ കലാകാരന്മാരുടെ അകമ്പടിയോടെയാണ് മേളം അരങ്ങേറിയത്.


ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സഹൃദയനാടൻ പാട്ട് സംഘത്തിന്റെ സ്ഥാപകരിൽ ഒരാളും രക്ഷാധികാരിയുമായ രാജേഷ് അറ്റാച്ചേരി സ്വാഗതവും,സഹൃദയ യുടെ പ്രിയ കലാകാരൻ ലിനീഷ് കാനായി അധ്യക്ഷതയും വഹിച്ചു.

ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി സുലീഷ് വി.കെ, പ്രമുഖ സാമൂഹിക പ്രവർത്തകൻ അമൽദേവ്, മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ, ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ ലീവിൻ കുമാർ, പി. ശ്രീജിത്ത്, ബി.എം.സി (BMC) ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സഹൃദയയുടെ പ്രിയ കലാകാരൻ ഷഹീൻ മഞ്ഞപ്പാറ നന്ദി പ്രകാശിപ്പിച്ചു.

കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. കലാഭവൻ മണി ഓടപ്പഴം പുരസ്‌കാരം ലഭിച്ച ബഹ്‌റൈനിലെ പ്രമുഖ നാടൻ പാട്ട് കലാകാരനും സംവിധായകനും നാടക പ്രവർത്തകനുമായ ഹരീഷ് മേനോൻ, സഹൃദയയുടെ സജീവ കലാകാരൻ ലിനീഷ് കാനായി എന്നിവരെയും; കലാഭവൻ മണി ഓടപ്പഴം പുരസ്‌കാരവും കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരവും ഒരേപോലെ കരസ്ഥമാക്കിയ സഹൃദയയുടെ പ്രിയ കലാകാരി ദീപ്തി രാജേഷിനെയും ചടങ്ങിൽ ആദരിച്ചു.സൗദി അറേബ്യയിലെ നാടൻ കലകൾക്കായുള്ള കൂട്ടായ്മയായ ‘സൗദി പാട്ടുകൂട്ട ‘ത്തിന്റെ പ്രിയ കലാകാരൻ സന്തു സന്തോഷിനും വേദിയിൽ ആദരവ് നൽകി. കൂടാതെ, പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സഹൃദയയിലെ മുതിർന്ന കലാകാരൻ സഹദേവൻ പറ്റേനയ്ക്ക് സ്നേഹോപഹാരമായി മൊമെന്റോ നൽകി ആദരിച്ചു. വാദ്യകലാ രംഗത്ത് കാൽനൂറ്റാണ്ട് (25 വർഷം) പൂർത്തിയാക്കിയ പ്രിയ ഗുരുനാഥൻ ശ്രീഹരി ചെറുതാഴത്തിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു

സഹൃദയയുടെ പത്തു വർഷത്തെ പ്രവാസി കലായാത്ര ദൃശ്യവൽക്കരിച്ച വീഡിയോ പ്രദർശനത്തോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. തുടർന്ന്, നാടൻ പാട്ടിന്റെ പരമ്പരാഗത അവതരണ ശൈലികളെ മാറ്റിമറിച്ചുകൊണ്ട് ജയൻ മേലത്ത് രചനയും സംവിധാനവും നിർവ്വഹിച്ച പൂമതൈ പൊന്നമ്മ’ എന്ന ഫോക് ഡ്രാമ (Folk Drama) വേദിയിൽ അരങ്ങേറി. കാണികളെ വിസ്മയിപ്പിച്ച നാടകത്തിൽ ജിമേഷ് പാലേരി, രത്നാകരൻ , അശ്വനി സെൽവരാജ്, അശ്വിനി സജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി. ഇവരെക്കൂടാതെ ദീപ്തി രാജേഷ്, ശിശിര, ലിനീഷ് കാനായി, രാജേഷ് ആവോളം, നിഖിൽ വടകര, ജിതേഷ് വെളോം, കിച്ചു ആർ അറ്റാചേരി, അജയ് കുമാർ,രാജു കണ്ണൂർ എന്നിവർ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു.തുടർന്ന് സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ ആവേശകരമായ നാടൻ പാട്ടുകളോടെ പ്രവാസി മലയാളികൾക്ക് മറക്കാനാവാത്ത ഒരു ദൃശ്യ-ശ്രാവ്യ വിരുന്നായി ഈ പത്താം വാർഷികാഘോഷം.

അജിത് കുന്നരു, സജിത്ത് കൈയിൽ, രാഹുൽ രാമചന്ദ്രൻ,വിജിൻ,ഷാൻ കൊടിപ്പുറത്ത്, ഹരീഷ്, മധു അൽജസിറ, മനു,ആനന്ദ് വിശ്വ നാഥ്‌, ശ്രീഹരി ചെറുതാഴം എന്നിവർ പത്താം വാർഷിക പരിപാടികൾക്കും പഞ്ചാരി മേളം അരങ്ങേറ്റത്തിനും നേതൃത്വം നൽകി.2016 ൽ രാജേഷ് അറ്റാചേരിയും മുരളി കൃഷ്ണൻ കൊറോമും ചേർന്ന് രൂപം കൊടുത്ത സംഘടനയാണ് സഹൃദയ നാടൻ പാട്ട് സംഘം പയ്യന്നൂർ ബഹ്‌റൈൻ.ബഹ്‌റൈനിലെ നിരവധിയായ സ്റ്റേജുകളിൽ മൂന്നൂറിൽ കൂടുതൽ പ്രോഗ്രാം ഇതിനോടകം ഈ സംഘം അവതരിപ്പിച്ചു കഴിഞ്ഞു.പരിതോഷിക്കങ്ങൾ മാനദണ്ഡമാക്കാതെ ആര് വിളിച്ചാലും പ്രോഗ്രാം ചെയ്യാൻ തയ്യാറാകുന്ന ഈ സംഘം ബഹ്‌റൈൻ മലയാളി കളുടെ ആഘോഷങ്ങളിലെ നിറസാന്നിധ്യമാണ്.

Leave A Comment