നാല് പതിറ്റാണ്ടിലേറെ ബഹ്റൈനിലെ ജീവകാരുണ്യ രംഗത്തും കലാ സാംസ്കാരിക സാമൂഹിക രംഗത്തും നിറസാന്നിധ്യമായിരുന്ന പ്രമുഖ ഡോക്ടർ പി. വി. ചെറിയാൻ അന്തരിച്ചു . ഇന്നു പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് ഏറെ പരിചിതനായ, ഏതൊരു പരിപാടിയുടെയും ഭാഗമാകാൻ സന്തോഷത്തോടെ ഓടിയെത്തുന്ന അദ്ദേഹത്തിൻ്റെ വിയോഗം നികത്താനാകാത്ത ഒരു നഷ്ടമാണെന്ന് ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ബിഎംസി -യുടെ ശ്രാവണ മഹോത്സവം കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ബിഎംസി -യുടെ ലീഡ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്, ബി എം സി യുടെ ആദ്യ സിനിമയായ അനക്ക് എന്തിൻ്റെ കേടാ എന്നതിൽ ഒരു ശ്രദ്ധേയമായ കഥാപാത്രവും ചെയ്തിട്ടുള്ള ഡോക്ടർ പി ചെറിയാന്റെ ഓർമ്മകളും ഫ്രാൻസിസ് കൈതാരത്ത് പങ്കുവെച്ചു . തികച്ചും ദുഃഖകരമായ ഈ വേളയിൽ ഡോക്ടറുടെ കുടുംബത്തെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1979-ൽ ബഹ്റൈനിലെത്തിയ ഡോ. ചെറിയാൻ, രാജ്യത്തെ ആരോഗ്യരംഗത്ത് 45 വർഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . ബഹ്റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെലെ അപകട-അടിയന്തര വിഭാഗത്തിൽ (Accident & Emergency) ദീർഘകാലം ചീഫ് റെസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു . ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻറെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2024-ൽ ബഹ്റൈൻ പ്രവാസത്തിൻ്റെ 45 വർഷം പൂർത്തിയാക്കിയ വേളയിൽ അദ്ദേഹത്തെ വിവിധ സംഘടനകൾ ആദരിച്ചിരുന്നു. അതേ വർഷം ബഹ്റൈൻ സർക്കാർ അദ്ദേഹത്തിന് 10 വർഷത്തെ ഗോൾഡൻ വിസയും അനുവദിച്ചിരുന്നു .ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കാൻസർ കെയർ ഗ്രൂപ്പിന്റെ പ്രസിഡന്റെന്ന നിലയിൽ കാൻസർ രോഗികൾക്കായുള്ള സഹായ പദ്ധതികൾ, ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയ്ക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. ബഹ്റൈൻ രാജകുടുംബത്തിന്റെ മെഡിക്കൽ സംഘത്തിലും അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീമിലും അംഗമായിരുന്ന ഡോ. ചെറിയാൻ, ബഹ്റൈൻ ആതിഥേയത്വം വഹിച്ച നിരവധി ദേശീയ-അന്തർദേശീയ പരിപാടികളിൽ മെഡിക്കൽ കോ-ഓർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആതുര സേവന രംഗത്തും മറ്റു മേഖലകളിലും പ്രവാസികളുടെ ക്ഷേമത്തിനുമായി അഹോരാത്രം പ്രവർത്തിച്ച അദ്ദേഹം സമാനതകളില്ലാത്ത ഒരു വ്യക്തിത്വം ആയിരുന്നു എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിൻറെ ഓർമ്മകൾക്ക് മുന്നിൽ ബഹ്‌റൈൻ മീഡിയ സിറ്റിയുടെ പ്രണാമം.

