ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം കേരള കത്തോലിക്ക അസോസിയേഷൻ (KCA), കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (KCEC), കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ – എൻ.എസ്.എസ്. ബഹ്റൈൻ (KSCA), ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS), വേൾഡ് മലയാളി കൗൺസിൽ (WMC) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിക്കുന്നു. 2026 ജൂലൈ 9 വ്യാഴാഴ്ച രാത്രി 8.00 മണിക്ക് കേരള കത്തോലിക്ക അസോസിയേഷൻ (KCA), വി കെ ൽ ഹാളിൽ വെച്ചാണ് സംയുക്ത അനുശോചന യോഗം സംഘടിപ്പിക്കുന്നത്.
മികവുറ്റ ഡോക്ടറും മനുഷ്യസ്നേഹിയും ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തിലെ ആദരണീയ വ്യക്തിത്വവുമായിരുന്ന ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ സംഘാടകർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.ബഹ്റൈനിലെ വിവിധ ദേവാലയങ്ങൾക്കും സാമൂഹിക സംഘടനകൾക്കും അദ്ദേഹം നൽകിയ അചഞ്ചലമായ പിന്തുണയും, മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യബോധവത്കരണ പരിപാടികൾ, ജീവകാരുണ്യ-സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും സമൂഹം എന്നും കൃതജ്ഞതയോടെ സ്മരിക്കും. കരുണയും വിനയവും നിസ്വാർത്ഥ സേവനമനോഭാവവും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം അനേകർക്ക് പ്രചോദനമായി തുടരും.
ഡോ. ചെറിയാന്റെ മഹത്തായ ജീവിതത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനും, അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാനും, ദുഃഖത്തിലായിരിക്കുന്ന കുടുംബത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമായി എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും ഈ പ്രാർത്ഥനാ സമ്മേളനത്തിലേക്ക് സാദരം ക്ഷണിക്കുതായി സംഘാടകർ അറിയിച്ചു.
