ബഹ്‌റൈനിലെ പ്രമുഖ പൊതുപ്രവർത്തകനും ജനപ്രിയ ഡോക്ടറുമായിരുന്ന ഡോ. പി. വി. ചെറിയാൻ്റെ നിര്യാണത്തിൽ കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.ആരോഗ്യരംഗത്തും ജീവകാരുണ്യ മേഖലയിലും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ ഓർത്തു. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് എന്ന നിലയിൽ രോഗികൾക്കായുള്ള ധനസഹായ പദ്ധതികൾക്കും മെഡിക്കൽ ക്യാമ്പുകൾക്കും അദ്ദേഹം മുൻകൈ എടുത്ത് നേതൃത്വം നൽകി. ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റിയുമായി ചേർന്ന് ഒട്ടനവധി പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു.ബഹ്റൈൻ രാജകുടുംബത്തിന്റെ മെഡിക്കൽ സംഘത്തിലും അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീമിലും അംഗമായിരുന്ന അദ്ദേഹം, രാജ്യത്തെ നിരവധി ദേശീയ-അന്തർദേശീയ പരിപാടികളുടെ മെഡിക്കൽ കോ-ഓർഡിനേറ്ററായും തിളങ്ങിയിട്ടുണ്ട്.
കേവലം ആതുരസേവനത്തിനപ്പുറം, അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികളുടെ ആവശ്യങ്ങളിൽ ജാതി-മത ഭേദമന്യേ എപ്പോഴും കൈത്താങ്ങായിരുന്ന ഡോ. ചെറിയാനെ ബഹ്റൈൻ മലയാളി സമൂഹം എന്നും ആദരവോടെയും സ്നേഹത്തോടെയും ഓർക്കും. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടമാണെന്നും പരേതന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കായംകുളം പ്രവാസി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
