‘ഞാനും ചെങ്ങന്നൂരാണ്, ചെറിയനാട്…’; അയാൾ ഞെട്ടി, സുകുമാരക്കുറുപ്പ് തന്നെയെന്ന് രത്നമ്മ

  • Home-FINAL
  • Business & Strategy
  • ‘ഞാനും ചെങ്ങന്നൂരാണ്, ചെറിയനാട്…’; അയാൾ ഞെട്ടി, സുകുമാരക്കുറുപ്പ് തന്നെയെന്ന് രത്നമ്മ

‘ഞാനും ചെങ്ങന്നൂരാണ്, ചെറിയനാട്…’; അയാൾ ഞെട്ടി, സുകുമാരക്കുറുപ്പ് തന്നെയെന്ന് രത്നമ്മ


ചെങ്ങന്നൂർ: പതിറ്റാണ്ടുകളായി കേരളം തിരയുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ താൻ നേരിൽ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നഴ്സ് രത്നമ്മ. 1988-ൽ ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ സിറ്റി ജനറൽ ആശുപത്രിയിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരിക്കെയാണ് ഐസിയുവിൽ വച്ച് കുറുപ്പ് എന്ന് സംശയിക്കുന്നയാളെ രത്നമ്മ കാണുന്നത്. കൊലപാതകം നടക്കുന്നതിന് മുൻപ് നാട്ടിൽ വച്ച് കുറുപ്പിനെ കണ്ടിട്ടുള്ളതിനാൽ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ കഴിഞ്ഞതായും രത്നമ്മ പറയുന്നു. തെളിയാത്ത കേസുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം രത്നമ്മയുടെ വീട്ടിലെത്തി വീണ്ടും മൊഴിയെടുത്തതോടെയാണ് സുകുമാരക്കുറുപ്പ് കേസ് വീണ്ടും വാർത്തകളിൽ സജീവമായത്.

“മലയാളം അടക്കം ഒട്ടേറെ ഭാഷകൾ അറിയാവുന്ന ഒരാൾ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായതായി കൂട്ടുകാരിൽ നിന്നാണ് അറിഞ്ഞത്. അയാളുടെ ഭാര്യ നഴ്സാണെന്നും സ്ഥലം ചെങ്ങന്നൂരാണെന്നും അവർ പറഞ്ഞു. എന്റെ സ്വന്തം നാടും ചെങ്ങന്നൂരായതിനാൽ കൊലക്കേസ് പ്രതിയായ സുകുമാരക്കുറുപ്പാണോ എന്ന് എനിക്ക് സംശയം തോന്നി. അങ്ങനെയാണ് ഞാൻ വാർഡിലേക്ക് ചെന്നത്. ‘ജോഷി’ എന്ന പേരിലായിരുന്നു അയാൾ അവിടെ അഡ്മിറ്റായിരുന്നത്, മുഖത്ത് താടിയുമുണ്ടായിരുന്നു. ഞാൻ മലയാളിയാണെന്ന് പറഞ്ഞ് വിവരങ്ങൾ തിരക്കി. കേരളത്തിൽ എവിടെയാണെന്ന് ചോദിച്ചപ്പോൾ ‘ചെങ്ങന്നൂർ’ എന്ന് അയാൾ മറുപടി നൽകി. ‘ഞാനും ചെങ്ങന്നൂരിൽ നിന്നാണെന്നും ചെറിയനാടാണ് സ്ഥലമെന്നും’ ഞാൻ പറഞ്ഞു. ഒപ്പം അയാളുടെ അച്ഛന്റെ പേരായ ‘ശിവരാമക്കുറുപ്പിന്റെ’ വീടിനടുത്താണ് എന്റെ വീടെന്നും വ്യക്തമാക്കിയതോടെ അയാൾ ആകെ ഞെട്ടിയതുപോലെ തോന്നി. അന്ന് വിദ്യാർഥിനിയായിരുന്നതിനാൽ പേടി കാരണം ഇക്കാര്യം പുറത്തുപറയാൻ കഴിഞ്ഞില്ല. എന്നാൽ അന്ന് ഉച്ചയ്ക്ക് ശേഷം വാർഡിൽ ചെന്നപ്പോൾ അയാളെ അവിടെനിന്ന് കാണാതായിരുന്നു.”

കുറുപ്പ് ജാർഖണ്ഡിലെത്തിയെന്ന വെളിപ്പെടുത്തൽ മുൻപും വലിയ വാർത്തയായിരുന്നു. അന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുറുപ്പിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊൽക്കത്തയിലെ ജോലിയിൽ നിന്ന് വിരമിച്ച് ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന രത്നമ്മയുടെ മൊഴി കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും രേഖപ്പെടുത്തിയത്. മുൻപ് നൽകിയ മൊഴിയിൽ രത്നമ്മ ഉറച്ചുനിൽക്കുകയാണ്. 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി 1984 ജനുവരി 22-നാണ് ഫിലിം റപ്രസന്റേറ്റീവായ ചാക്കോയെ കാറിനുള്ളിലിട്ട് തീക്കൊളുത്തി കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യപ്രതിയായ സുകുമാരക്കുറുപ്പ് രൂപമാറ്റം വരുത്തി ഉത്തരേന്ത്യയിൽ കഴിയുന്നുണ്ടെന്നും വിദേശത്തേക്ക് കടന്നെന്നും അതല്ല മരണപ്പെട്ടെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും, കേരള പൊലീസിന്റെ ഫയലുകളിൽ ഇന്നും സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്.

Leave A Comment