വിദേശത്ത് മരണപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കാൻ സമഗ്ര സംവിധാന പരിഷ്‌കരണങ്ങൾ വേണമെന്ന് പ്രവാസി ലീഗൽ സെൽ
അഞ്ച് വർഷത്തോളമായി നീണ്ടുനിന്ന മരണപരിഹാര കേസിൽ നിർണായക വിജയം. തെലുങ്കാന സ്വദേശിയായ കാഞ്ചെട്ടി വെൽമാലയുടെ നിയമാവകാശികൾക്ക് ലഭിക്കേണ്ട മുപ്പത്തിയാറ് ലക്ഷത്തി ഏഴായിരത്തി എഴുനൂറ്റി മുപ്പത്തിയാറ് രൂപ നിസാമാബാദ് ജില്ലാ കലക്ടറുടെ ഓഫീസിലേക്ക് കൈമാറിയതായി പ്രവാസി ലീഗൽ സെൽ അറിയിച്ചു. നഷ്ടപരിഹാരം കൈപ്പറ്റുന്നതിനാവശ്യമായ എല്ലാ രേഖകളും നിയമാവകാശികൾ ജില്ലാ കലക്ടറുടെ ഓഫീസിൽ സമർപ്പിച്ചിട്ടുണ്ട്. നിയമനടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ തുക വിതരണം ചെയ്യും.
ഒമാൻ സുൽത്താനേറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് കാഞ്ചെട്ടി വെൽമാല ദാരുണമായി മരണപ്പെട്ടത്. തുടർന്ന്,2021 ഒക്ടോബർ 27-ന് ഒമാനിലെ ബന്ധപ്പെട്ട കോടതി പുറപ്പെടുവിച്ച വിധിയിൽ, കാഞ്ചെട്ടി വെൽമാലയുടെ നിയമാവകാശികൾക്ക് നിയമപ്രകാരമുള്ള ബ്ലഡ് മണി അനുവദിക്കുകയും, നഷ്ടപരിഹാരം സ്വീകരിക്കാനുള്ള കുടുംബത്തിന്റെ നിയമപരമായ അവകാശം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ കോടതിയുടെ അന്തിമവിധി ഉണ്ടായിട്ടും, വിവിധ നടപടിക്രമങ്ങളിലെ കാലതാമസം മൂലം നഷ്ടപരിഹാര തുക ലഭിക്കാതെ ഏകദേശം അഞ്ച് വർഷത്തോളം കുടുംബാംഗങ്ങൾ കാത്തിരിക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ പിആർഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തുടർച്ചയായ ഇടപെടൽ മൂലമാണ് നഷ്ടപരിഹാര തുക ലഭിക്കുന്നതിന് വഴി ഒരുങ്ങിയത്. ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ എംബസി, കൂടാതെ കമ്മ്യൂണിറ്റി വെൽഫെയർ വിംഗിലെ വെൽഫെയർ അറ്റാഷേ ദിനേഷ് റാണ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഏകോപനവും കേസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഇന്ത്യൻ കുടുംബങ്ങൾക്ക് വിദേശ കോടതികൾ അനുവദിക്കുന്ന നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിൽ നേരിടുന്ന കാലതാമസങ്ങൾ പരിഹരിക്കുന്നതിനായി, അടുത്തിടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനത്തിൽ സമഗ്രമായ സംവിധാന പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ടിരുന്നു. കോടതികൾ അനുവദിക്കുന്ന നഷ്ടപരിഹാര തുകയുടെ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിയമ തടസ്സമില്ലെങ്കിൽ, ജില്ലാ കലക്ടറേറ്റുകൾ മുഖേനയല്ലാതെ പരിശോധന പൂർത്തിയാക്കിയ നിയമാവകാശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നഷ്ടപരിഹാര തുക കൈമാറുന്നതിനുള്ള സംവിധാനം നടപ്പാക്കണമെന്നതാണ് പ്രധാന ശുപാർശകളിലൊന്ന്. ബഹ്റൈൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇത്തരത്തിലുള്ള സംവിധാനം നിലവിലുണ്ടെന്നും, അത് ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരം വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സഹായിക്കുന്നുവെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ കേസിന്റെ വിജയകരമായ പരിഹാരം സ്വാഗതാർഹമാണെങ്കിലും, വിദേശത്ത് മരണപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കോടതി അനുവദിക്കുന്ന നഷ്ടപരിഹാരം വർഷങ്ങളോളം വൈകാതെ ലഭ്യമാക്കാൻ ഏകീകൃതവും സുതാര്യവും കാര്യക്ഷമവുമായ ദേശീയ സംവിധാനം അടിയന്തരമായി രൂപീകരിക്കേണ്ടതുണ്ട്. നിലവിൽ ജി സി സി രാജ്യങ്ങളിലായി നിരവധി മരണപരിഹാര കേസുകളും തൊഴിൽ അവകാശ സംബന്ധമായ കേസുകളും പ്രവാസി ലീഗൽ സെൽ ഇടപെടുന്നുണ്ടെന്നും , അഡ്വ. ജോസ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, വിദേശത്തുള്ള ഇന്ത്യൻ എംബസികൾ, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി സഹകരിച്ച് പ്രവാസി തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നീതിയും നിയമപരമായ നഷ്ടപരിഹാരവും സമയബന്ധിതമായി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും സംഘടന അറിയിച്ചു. സാമൂഹിക സംഘടനകളും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിലൂടെ നീതി എങ്ങനെ യാഥാർഥ്യമാക്കാനാകുമെന്ന് തെളിയിക്കുന്ന മാതൃകയാണ് ഈ കേസെന്നും, ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും അർഹരായ എല്ലാ കുടുംബങ്ങൾക്കും കാലതാമസമില്ലാതെ നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കുന്ന നയപരമായ പരിഷ്‌കരണങ്ങൾക്കായി ശക്തമായി പ്രവർത്തിക്കുമെന്ന പ്രതിബദ്ധതയും പ്രവാസി ലീഗൽ സെൽ അറിയിച്ചു.
