പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി വ്യാഴാഴ്ചത്തേക്ക് മാറ്റി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 4 ജഡ്ജി കെന്നത്ത് ജോർജ് ആണ് കേസിൽ വിധി പറയുക. കേസിൽ വാദം പൂർത്തിയായി. ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ബിഎൻഎസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
നിലവിൽ സജിത വധക്കേസിൽ ഇരട്ടജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭർത്താവായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
