ഇന്ത്യന്‍ സ്കൂള്‍ ജീവനക്കാരുടെ ലീവ് സാലറി അടിയന്തരമായി വിതരണം ചെയ്യണം: യു.പി.പി

  • Home-FINAL
  • Business & Strategy
  • ഇന്ത്യന്‍ സ്കൂള്‍ ജീവനക്കാരുടെ ലീവ് സാലറി അടിയന്തരമായി വിതരണം ചെയ്യണം: യു.പി.പി

ഇന്ത്യന്‍ സ്കൂള്‍ ജീവനക്കാരുടെ ലീവ് സാലറി അടിയന്തരമായി വിതരണം ചെയ്യണം: യു.പി.പി


ഒഴിവ് കാലം തുടങ്ങി ഒരു മാസം പിന്നിടാറായിട്ടും ഇത് വരെ കൊടുത്തിട്ടില്ലാത്ത ജീവനക്കാരുടെ അവധികാല വേതനം എത്രയും പെട്ടെന്ന് കൊടുത്തു തീര്‍ക്കണമെന്ന് യു.പി.പി ശക്തമായി ആവശ്യപ്പെട്ടു.

ഫീസ് കുടിശ്ശികയും ജീവനക്കാരുടെ ശമ്പള വിതരണവും മാത്രം അജണ്ടയാക്കി കഴിഞ്ഞ മാസം ചേർന്ന എക്സ്ട്രാ ജനറൽ ബോഡി യോഗത്തിൽ, ആവശ്യമായാൽ ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തി ജീവനക്കാരുടെ ശമ്പളവും ലീവ് സാലറിയും യഥാസമയം വിതരണം ചെയ്യുമെന്ന് ഭരണസമിതി യോഗത്തില്‍ പങ്കെടുത്ത രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.അതിന് ശേഷം യോഗം നടന്നതിന് തൊട്ടടുത്ത ദിവസം ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്തെങ്കിലും, ഇതുവരെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ലീവ് സാലറി വിതരണം ചെയ്തിട്ടില്ല.

ലീവ് സാലറി ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി അധ്യാപകരും ജീവനക്കാരും നാട്ടിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും, പണം ലഭിക്കാത്തതിനാൽ പലർക്കും യാത്ര പോലും മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായതായതായാണ് പല ജീവനക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.ജീവനക്കാരെ ഇത്തരത്തിൽ അനിശ്ചിതത്വത്തിലാക്കുന്ന സമീപനം ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിൽ ഒരു കാലത്തും ഉണ്ടായിട്ടില്ല.

മുൻകാലങ്ങളിൽ ജൂൺ മാസത്തെ ശമ്പളത്തോടൊപ്പം രണ്ട് മാസത്തെ ലീവ് സാലറിയും വിതരണം ചെയ്യുന്നതായിരുന്നു പതിവ്. നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയശേഷം ജൂലൈ മാസത്തെ ലീവ് സാലറി അവധിക്കാലത്തും ആഗസ്റ്റ് മാസത്തേത് സ്കൂൾ തുറന്ന് സെപ്റ്റംബറിൽ നൽകുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. എന്നാൽ ഈ വർഷം ആ ക്രമീകരണവും പാലിക്കപ്പെടാത്തത് ജീവനക്കാരിൽ കടുത്ത ആശങ്കയും പ്രയാസങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്.ഫീസ് കുടിശ്ശിക മാത്രമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് യു.പി.പി അഭിപ്രായപ്പെടുന്നു. സ്കൂളിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള പോരായ്മകളും ഒന്നിനും ഒരു ആസൂത്രണമില്ലാത്തതുമാണ് നിലവിലെ അവസ്ഥയ്ക്ക് പ്രധാന കാരണമെന്നാണ് യു.പി.പി ആരോപിച്ചു.

അടുത്തിടെ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അക്കൗണ്ട്സ് മാനേജർ എന്നിവർ വിരമിക്കുകയും, അവർക്ക് മുഴുവൻ സെറ്റിൽമെന്റ് തുകയും നൽകിയതായി അറിയുകയും ചെയ്യുന്നു. അത്തരത്തിൽ വലിയ തുക നൽകേണ്ടി വന്നാലും, അതിന്റെ പേരിൽ ചെറിയ വേതനം കൈപറ്റുന്ന മറ്റ് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വൈകിച്ചത് ഒരിക്കലും ന്യായീകരിക്കാനാവില്ല. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഉയർന്ന ശമ്പളത്തിൽ രണ്ട് അക്കൗണ്ട്സ് മാനേജർമാർ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന മട്ടില്‍ സേവനമനുഷ്ഠിച്ചിട്ടും സ്കൂളിലെ സാമ്പത്തിക കാര്യങ്ങൾ പഴയതിനേക്കാള്‍ പരിതാപകരമായി മാറി എന്ന് പറയുന്നത് ബന്ധപ്പെട്ടവര്‍ ഗൗരവതരമായി പരിശോധിക്കേണ്ട വിഷയമാണെന്നും യു.പി.പി ചൂണ്ടിക്കാട്ടി.

ജൂൺ 27-ന് ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ ഭരണസമിതിക്കൊപ്പമല്ലാത്ത മുഴുവൻ രക്ഷിതാക്കളും ജീവനക്കാരുടെ ശമ്പളം ഒരു കാരണവശാലും മുടങ്ങരുതെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ആവശ്യമായാൽ ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകുമെന്നായിരുന്നു അന്ന് ഭരണസമിതി നല്‍കിയ ഉറപ്പ്.
ജൂൺ 28 പൊതുഅവധി ആയിരുന്നിട്ടും 29-ന് ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യാൻ കഴിഞ്ഞത്, ശമ്പളവിതരണം സംബന്ധിച്ച ഭരണസമിതിയുടെ വിശദീകരണങ്ങളെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഉയർത്തുന്നതാണെന്ന് യു.പി.പി അഭിപ്രായപ്പെട്ടു.അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആത്മാഭിമാനവും സാമ്പത്തിക സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനായി, ജൂലൈ മാസത്തെ ലീവ് സാലറിയെങ്കിലും അടിയന്തരമായി വിതരണം ചെയ്യണമെന്ന് യു.പി.പി ഭരണസമിതിയോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതാണ് ഒരു ഏതൊരു സ്ഥാപനത്തിന്റെയും വിശ്വാസ്യതയുടെയും നിലനില്‍പിന്‍റേയും അടിത്തറയാണെന്നും യു.പി.പി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Leave A Comment