ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) മരണപ്പെടുന്നതിന് മുൻപുള്ള 24 മണിക്കൂറോളം ക്രൂരമായ ശാരീരിക പീഡനങ്ങൾ ഇരയായതായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂർച്ചയില്ലാത്ത ഉപകരണം കൊണ്ട് തലയ്ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. സാവരിയയുടെ ശരീരത്തിലുടനീളം ക്രൂരമായി മർദനമേറ്റതിന്റെയും ചവിട്ടേറ്റതിന്റെയും പാടുകളും ചതവുകളുമുണ്ട്.
ഇവയെല്ലാം കൊലപാതകത്തിന് തൊട്ടുമുൻപുള്ള ഒരു ദിവസത്തിനിടയിൽ ഉണ്ടായതാണ്. ആക്രമണത്തിന് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ല. സാവരിയയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാകാം ഉപദ്രവിച്ചതെന്ന് ഹരിപ്പാട് എസ്എച്ച്ഒ വി. ഷിബു പറഞ്ഞു. ഇത്രയും ദീർഘനേരം ക്രൂരമായ ഉപദ്രവം സഹിച്ചുകൊണ്ടിരിക്കാൻ സാധിക്കാത്തതിനാലും, രക്ഷപ്പെടാൻ കഴിയാതിരുന്നതിനാലുമാണ് ഇത്തരമൊരു സംശയം. സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനമാണ് കേസിലെ പ്രതി. ഇയാൾ സാവരിയയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. നിലവിൽ ഇയാൾ ഉസ്ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
