പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയിൽ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. സ്വന്തം മുന്നണിയിലെ കൗൺസിലർമാരുടെ കടുത്ത എതിർപ്പും വിപ്പ് ലംഘനവുമാണ് നഗരസഭാധ്യക്ഷയ്ക്ക് തിരിച്ചടിയായത്. കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗങ്ങളും വിമതയായി വിജയിച്ച നഗരസഭാ ഉപാധ്യക്ഷ മായാ രാഹുലും എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് പാർട്ടി നൽകിയ വിപ്പ് ലംഘിച്ച് ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നീ നാല് കൗൺസിലർമാർ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് പ്രമേയത്തെ അനുകൂലിച്ചു.
അതേസമയം, കോൺഗ്രസിലെ മറ്റ് രണ്ട് അംഗങ്ങളായ റിയ ചീരാംകുഴിയും സെബാസ്റ്റ്യൻ പനക്കലും യോഗത്തിന് ഹാജരായില്ല. കേരള കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി സി. കാപ്പന്റെ പാർട്ടിയായ കെ.ഡി.പി.യിലെ പ്രിൻസി സണ്ണിയും യോഗത്തിൽ നിന്ന് വിട്ടുനിന്നു.
നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും തമ്മിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് യു.ഡി.എഫ്. ഭരണസമിതിയിൽ വലിയ വിള്ളലുണ്ടാക്കിയത്. ഈ രാഷ്ട്രീയ സാഹചര്യം മുതലെടുത്താണ് എൽ.ഡി.എഫ്. അവിശ്വാസപ്രമേയ നീക്കവുമായി മുന്നോട്ടുവന്നത്.
