ന്യൂഡൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും അടക്കമുള്ള നേതാക്കൾ അറസ്റ്റിലായി.പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും രാജിയാവശ്യപ്പെട്ടും സിജെപിയുടെ സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ പ്രതിഷേധിച്ചും കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിനെതിരെ പൊലീസിന്റെ കയ്യേറ്റത്തിനിടെയാണിത്. മുതിർന്ന നേതാക്കൾ അടക്കമുള്ള പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലീസും റാപ്പിഡ് പൊലീസ് ഫോഴ്സും കടുത്ത ബലപ്രയോഗമാണ് നടത്തിയത്. ഒഴിപ്പിക്കൽ ശ്രമത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുഖത്ത് പരുക്കേറ്റു. പ്രതിഷേധം അവസാനിക്കാൻ തയാറാകാതിരുന്ന രാഹുൽ ഗാന്ധിയെ പൊലീസ് പൊക്കിയെടുത്താണ് വാഹനത്തിൽ കയറ്റിയത്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ബലം പ്രയോഗിച്ച് തൂക്കിയെടുത്താണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. ജന്തർമന്ദിറിൽ സിജെപി നടത്തിവരുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ പ്രതിഷേധം നയിച്ചു. കേരളത്തിൽനിന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കളും എംപിമാരും സമരമുഖത്തെത്തി. സമരത്തിൽ പങ്കെടുത്ത നേതാക്കൾ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മന്ത്രി പി.സി. വിഷ്ണുനാഥും കസ്റ്റഡിയിൽ എടുത്ത നേതാക്കളിൽ ഉൾപ്പെടുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഡൽഹിയിലെ മല്ലികാർജുൻ ഖർഗെയുടെ വസതിക്കു മുൻപിൽനിന്നുമാണ് പ്രതിഷേധ സമരം ആരംഭിച്ചത്. ഒരു കിലോമീറ്റർ അകലെയുള്ള അതീവ സുരക്ഷാമേഖലയായ പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി അപ്രതീക്ഷിതമായിരുന്നു കോൺഗ്രസിന്റെ നീക്കം. മിന്നൽ സമരത്തിനെത്തിയ നേതാക്കളെ അടക്കം ബലപ്രയോഗത്തിലൂടെയാണ് പൊലീസ് നീക്കിയത്. പൊലീസ് നടപടികളെ എംപിമാരടക്കം ചോദ്യം ചെയ്തത് സംഘർഷത്തിന് ഇടയാക്കി. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ തറയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.

