വറുത്ത മീനിന് ഉപ്പില്ലെന്ന് ആരോപിച്ച് ഹോട്ടലുടമ ഷെഫിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

  • Home-FINAL
  • Business & Strategy
  • വറുത്ത മീനിന് ഉപ്പില്ലെന്ന് ആരോപിച്ച് ഹോട്ടലുടമ ഷെഫിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

വറുത്ത മീനിന് ഉപ്പില്ലെന്ന് ആരോപിച്ച് ഹോട്ടലുടമ ഷെഫിനെ വെട്ടിപ്പരുക്കേൽപ്പിച്ചു


അങ്കമാലി: മീൻ വറുത്തതിന് ഉപ്പും രുചിയും കുറവാണെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഹോട്ടൽ ഷെഫിന് വെട്ടേറ്റു. അങ്കമാലി കറുകുറ്റിയിലെ ‘മീൻവിലാസം’ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് (32) മർദനമേൽക്കുകയും വെട്ടേൽക്കുകയും ചെയ്തത്. സംഭവത്തിൽ ഹോട്ടലിന്റെ സഹഉടമകളിലൊരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹോട്ടലിലെത്തിയ ഉടമ മുഹമ്മദ് ഉവൈസ് ഫിഷ് ഫ്രൈ ഓർഡർ ചെയ്യുകയും ഷെഫ് റിയാസ് ഇത് വറുത്തു നൽകുകയും ചെയ്തു. എന്നാൽ ഭക്ഷണം കഴിച്ച ഉവൈസ്, മീനിന് ആവശ്യത്തിന് ഉപ്പും രുചിയുമില്ലെന്ന് ആരോപിച്ച് റിയാസിനെ വിളിച്ചുവരുത്തി തർക്കമുന്നയിച്ചു. ഹോട്ടലിലെ ഫ്രീസർ കേടായതാണ് മീനിന്റെ ഗുണനിലവാരം കുറയാൻ കാരണമെന്നും, ഇത് പലതവണ ചൂണ്ടിക്കാണിച്ചിട്ടും നന്നാക്കാൻ ഉടമസ്ഥർ തയാറായില്ലെന്നും റിയാസ് മറുപടി നൽകി. ഇതോടെ പ്രകോപിതനായ ഉവൈസ് റിയാസിനെ മർദിക്കുകയായിരുന്നു. റിയാസിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് പുറകോട്ട് തള്ളിയ ശേഷം, അടുക്കളയിലെ മേശയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയും തവി ഉപയോഗിച്ച് മർദിക്കുകയുമായിരുന്നെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

അക്രമത്തിൽ റിയാസിന്റെ കൈക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അനധികൃതമായി തടഞ്ഞുവെക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അങ്കമാലി പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറം സ്വദേശികളായ നാലുപേരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടൽ. സംഭവത്തിൽ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave A Comment