തൃഷയ്‌ക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ; തമിഴ്‌നാട്ടിൽ ഡി.എം.കെ പ്രതിഷേധം

  • Home-FINAL
  • Kerala
  • തൃഷയ്‌ക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ; തമിഴ്‌നാട്ടിൽ ഡി.എം.കെ പ്രതിഷേധം

തൃഷയ്‌ക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ; തമിഴ്‌നാട്ടിൽ ഡി.എം.കെ പ്രതിഷേധം


ചെന്നൈ: തൃഷയ്‌ക്കെതിരായ പരാമർശം ന‌ടത്തിയ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടെ നടി തൃഷയെയും മുഖ്യമന്ത്രി വിജയിയെയും ചേർത്തുവെച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് നടപടി. ചെന്നൈ നീലാങ്കരയിലെ വസതിയിൽ നിന്നാണ് പൊലീസ് സംഘം ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.
സ്ത്രീകളെ അപകീർത്തിപ്പെടുത്തിയതും മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതും ഉൾപ്പെടെ ആറോളം വകുപ്പുകൾ ചുമത്തിയാണ് ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ, പ്രസംഗത്തിൽ താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉദയനിധി പ്രതികരിച്ചു.

ഉദയനിധിയുടെ കസ്റ്റഡിയിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലുടനീളം ഡി.എം.കെ പ്രവർത്തകർ തെരുവിലിറങ്ങി. ഉദയനിധിയുമായി പോയ പൊലീസ് വാഹനം തടയാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വിഷയം പാർലമെന്റിലും ഡി.എം.കെ അംഗങ്ങൾ ഉന്നയിച്ച് ബഹളം വച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഡി.എം.കെ മദ്രാസ് ഹൈക്കോടതിയിൽ അടിയന്തര ഹർജി ഫയൽ ചെയ്തു. ഉദയനിധിയുടെ ജാമ്യഹർജി ഉച്ചയ്ക്ക് കോടതി പരിഗണിക്കും. തഞ്ചാവൂരിലെ പ്രസംഗത്തിന് പിന്നാലെ ടി.വി.കെ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ ഉദയനിധിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.

Leave A Comment