എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം; ഡിജിപിയാക്കാൻ എന്താണിത്ര തിടുക്കം?; ഹൈക്കോടതി

  • Home-FINAL
  • Kerala
  • എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം; ഡിജിപിയാക്കാൻ എന്താണിത്ര തിടുക്കം?; ഹൈക്കോടതി

എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം; ഡിജിപിയാക്കാൻ എന്താണിത്ര തിടുക്കം?; ഹൈക്കോടതി


കൊച്ചി: എഡിജിപി ആയ എസ് ശ്രീജിത്തിനെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാൾക്ക് സ്ഥാനക്കയറ്റം നൽകാൻ എന്താണ് തിടുക്കമെന്നും ഹൈക്കോടതി ചോദിച്ചു. സ്ഥാനക്കയറ്റം ചട്ടങ്ങൾ വിരുദ്ധമാണെന്നും കോടതി വിമർശിച്ചു. ബോഡി ബിൽഡർമാർക്ക് ഇൻസ്‌പെക്ടർ നിയമനം നൽകാൻ എഡിജിപി ശ്രീജിത്ത് വഴിവിട്ട ഇടപെടലുകൾ നടത്തി എന്ന് ആരോപിച്ച് കെഎം ഷാജഹാന്റെ ഹർജിയിലാണ് കോടതിയുടെ വിമർശനം. അന്ന് ഹെഡ് ക്വാർട്ടർ എഡിജിപിയായ എസ് ശ്രീജിത്ത് ചട്ടവിരുദ്ധമായി നിയമനം നടത്തിയത് അഴിമതിയാണെന്നാണ് ഹർജിക്കാരന്റെ ആരോപണം. എസ് ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യമാണ്. ഇതിനായി വിജിലൻസ് ഡയറക്ടർ ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അനുമതി തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ല. മുൻ ആഭ്യന്തര സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹയും, നിലവിലെ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലമും ശ്രീജിത്തിനെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കെഎം ഷാജഹാൻ ആരോപിക്കുന്നു.

കെ.എം ഷാജഹാന്റെ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നൽകിയ രണ്ടാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ വിമർശനം. ആരോപണം നേരിടുന്ന ഒരാൾക്ക് സ്ഥാനക്കയറ്റം നൽകാൻ എന്താണ് തിടുക്കമെന്നും എഡിജിപി ആയ ഒരാൾ ഡിജിപിയായി പ്രെമോഷൻ നേടുമ്പോൾ വിജിലൻസ് ക്ലിയറൻസ് വേണ്ടേ എന്ന ചോദ്യവും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാരിനോട് മറുപടി നൽകാൻ നിർദേശിച്ചു. എന്നാൽ സ്ഥാനക്കയറ്റം സാധാരണ നടപടി മാത്രമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Leave A Comment