വിമാന യാത്രക്കാർക്കായി ‘വൺ സ്റ്റോപ്പ്’ പ്രീ-ക്ലിയറൻസ് പദ്ധതി നടപ്പിലാക്കുന്നു. ഇതിൻ്റെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ എയർ പോർട്ട്സ് അഫയേഴ്സ് സെക്ടറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ബഹ്റൈനെ പ്രതിനിധീകരിച്ച് പോർട്സ്, സർച്ച്, ഫോളോഅപ് എന്നിവയുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ അബ്ദുൽ അസീസ് അബ്ദുൾറഹ്മാൻ അൽ ദോസറിയും യുഎഇയെ പ്രതിനിധീകരിച്ച് ഫെഡറൽ അതോറിറ്റിയിലെ എയർ പോർട്ട്സ് അഫയേഴ്സ് സെക്ടറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹമദ് സെയ്ഫ് അൽ മഷ്ഗൗണിയും ആണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.ബഹ്റൈനും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള അടുത്ത സഹകരണത്തെ ഈ കരാർ പ്രതിഫലിപ്പിക്കുമെന്നും സംയുക്ത ജിസിസി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും, അതിർത്തി മാനേജ്മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും, സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനും ഇത് സംഭാവന ചെയ്യുമെന്നും ഇരുപക്ഷവും അറിയിച്ചു.സുരക്ഷാ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ഗൾഫ് സംയോജനം ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക പുരോഗതിക്കനുസൃതമായി യാത്രാ, മൊബിലിറ്റി സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ‘വൺ സ്റ്റോപ്പ്’ സംരംഭം ആരംഭിക്കുന്നതിനുള്ള ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 42-ാമത് യോഗത്തിൽ സ്വീകരിച്ച തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയിൽ ധാരണാപത്രം ഒപ്പുവച്ചത്.
