ചങ്ങനാശേരി: വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് പൂർണമായി തകർന്നിട്ടും, അച്ഛനും 4 കുഞ്ഞുങ്ങളും പോറൽ പോലുമേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് വാഴൂർ റോഡിൽ കുരിശുംമൂടിനു സമീപമാണ് സംഭവം. സൗദിയിൽ ബിസിനസുകാരനായ നടയ്ക്കപ്പാടം പാലാകുന്നേൽ ജോർജ് ജോസഫ്, മക്കളായ മൈക്കിൾ (10), മിറിയം (8), മാർത്ത (6), ഒന്നര വയസ്സുകാരൻ മാർക്കസ് എന്നിവരാണ് വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. സാധനങ്ങൾ വാങ്ങാനായി ജോർജിന്റെ ഭാര്യ അന്ന ജോർജ് തൊട്ടടുത്ത കടയിലേക്കു കയറിയ സമയത്താണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റും തകർത്താണ് കൂറ്റൻ മരം കാറിനു മുകളിലേക്ക് പതിച്ചത്.
ആദ്യം പടക്കം പൊട്ടുന്നതു പോലുള്ള ശബ്ദം കേട്ടതായി ജോർജ് പറഞ്ഞു. വൈദ്യുതലൈനുകൾ പൊട്ടി വീഴുന്നതാണെന്നു മനസ്സിലാക്കിയതിന് തൊട്ടുപിന്നാലെ കാറിനു മുകളിലേക്ക് മരം വീഴുകയായിരുന്നു. കാറിന്റെ പിൻഭാഗവും മുകൾഭാഗവും ഇടിഞ്ഞുതാഴ്ന്നെങ്കിലും പിൻസീറ്റിലുണ്ടായിരുന്ന കുട്ടികൾക്ക് പരുക്കേറ്റില്ല.
വൈദ്യുതലൈൻ കാറിനു മുകളിൽ കിടക്കുന്നതിനാൽ ധൃതിപ്പെട്ട് പുറത്തിറങ്ങിയാൽ ഷോക്കേൽക്കുമെന്ന് മനസ്സിലാക്കിയ ജോർജ്, മനഃസാന്നിധ്യം കൈവിടാതെ കാറിനുള്ളിൽ തന്നെ തുടർന്നു. ഓടിയെത്തിയ നാട്ടുകാരോട് ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ആവശ്യപ്പെട്ടു. കെഎസ്ഇബി ജീവനക്കാർ ലൈൻ ഓഫ് ചെയ്തതോടെ, മുൻവശത്തെ പാസഞ്ചർ സീറ്റിന്റെ ഗ്ലാസ് താഴ്ത്തി കുട്ടികളെ ഓരോരുത്തരായി പുറത്തേക്ക് കൈമാറി. തുടർന്ന് പാസഞ്ചർ ഡോർ ബലമായി ചവിട്ടിത്തുറന്നാണ് ജോർജ് പുറത്തിറങ്ങിയത്.
നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും കെഎസ്ഇബി ജീവനക്കാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, ഡിസിസി ജനറൽ സെക്രട്ടറി ആന്റണി കുന്നുംപുറം എന്നിവർ സ്ഥലം സന്ദർശിച്ചു. അവധിക്കാലത്ത് നാട്ടിലെത്തിയ അച്ഛനൊപ്പം കാറിൽ യാത്ര ചെയ്യാനിറങ്ങിയ കുരുന്നുകളുടെയും കുടുംബത്തിന്റെയും പുനർജന്മം നാട്ടുകാർക്കും വലിയ ആശ്വാസമായി.
