ന്യൂയോർക്ക്: യുഎസിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 17 വയസ്സുകാരനായ ഇന്ത്യൻ വംശജൻ പിടിയിലായി. മാസാച്യുസെറ്റ്സിലെ ആക്ടൻ സ്വദേശിയായ അർജുൻ അരവിന്ദാണ് ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ബുധനാഴ്ച അറസ്റ്റിലായത്. സുധ വെങ്കടേശൻ (45), മകൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്ടൻ ബോക്സ്ബോറോ റീജനൽ ഹൈസ്കൂൾ വിദ്യാർഥിയായ അർജുൻ, വീട്ടിൽ വച്ച് അമ്മയെയും സഹോദരനെയും വധിച്ച ശേഷം സുധയുടെ കാറിലാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ വീട്ടിലെത്തിയ ട്യൂഷൻ അധ്യാപിക ആരെയും കാണാത്തതിനെ തുടർന്ന് സുധയുടെ ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിലാണ് വീടിന്റെ ബേസ്മെന്റിൽ സുധയുടെയും, ഒന്നാം നിലയിൽ സിദ്ധാർഥിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നെങ്കിലും മരണകാരണമോ ഉപയോഗിച്ച ആയുധമോ വ്യക്തമായിട്ടില്ല.
അടുത്തിടെയായി അർജുന്റെ പെരുമാറ്റത്തിൽ മാറ്റങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സ്വന്തം കുടുംബത്തെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഭാവനാസൃഷ്ടികൾ അർജുൻ ചാറ്റ്‌ജിപിടിയിൽ തിരഞ്ഞിരുന്നതായി മിഡിൽസെക്സ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് അറിയിച്ചു. പ്രേതകഥകളും കഥാപാത്രങ്ങളും നിർമ്മിക്കാൻ ഇയാൾ എഐ ചാറ്റ്ബോട്ടുകളുടെ സഹായം തേടിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
