കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ഫാ-ലാ-മി ’26 എന്ന പേരില്‍ സമ്മർ ക്യാമ്പ് സഘടിപ്പിച്ചു. ഹമദ് ടൗൺ ഹമലക്ക് സമീപം ബൂരിയിലെ സ്മാർട്ട് പൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികളുടെയും മുതിർന്നവരുടെയും കുടുംബങ്ങളുടെയും കലാ പരിപാടികളും വിവിധ മത്സരങ്ങളും അരങ്ങേറി. ശേഷം മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാന വിതരണവും നടത്തി.
വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിച്ച ക്യാമ്പ് വെള്ളിയാഴ്ച്ച പുലർച്ചെ നാലുമണി വരെ നീണ്ടുനിന്നു. പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിലും ജോലിത്തിരക്കുകൾക്കിടയിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദകരമായ ക്യാമ്പ് വേറിട്ടൊരനുഭവം സമ്മാനിച്ചുവെന്ന് സംഘാടകരും ക്യാമ്പിൽ പങ്കെടുത്ത കുടുംബങ്ങളും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് അനസ് നാട്ടുകൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ അഷറഫ് കക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരവാഹികളായ നൗഫൽ പടിഞ്ഞാറങ്ങാടി, അൻസാർ ചങ്ങലീരി, ഷഫീഖ് വല്ലപ്പുഴ, ജിഷാദ് പെരിങ്ങോട്ട്കുറിശ്ശി, വർക്കിങ് കമ്മറ്റി അംഗങ്ങളായ മൊയ്തീൻ, ബഷീർ കെപി, യഹിയ വണ്ടുംതറ, സുഹൈൽ ടിപി, ഹസ്സൻ കരിമ്പ, മുബാറക്ക് മലയിൽ, ഷാഹിദ് യൂസഫ്, ഫാരിസ് , താഹിർ എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ജില്ലാ ട്രഷറർ ഹാരിസ് വി വി തൃത്താല നന്ദിയും പറഞ്ഞു.
