കുസാറ്റിൽ ഗൾഫ് പ്രവാസികളുടെ കുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സി.ജി.ഡബ്ല്യു. സീറ്റുകൾ വിപുലീകരിക്കണം; ഈടാക്കിയ അധിക അപേക്ഷാഫീസ് തിരികെ നൽകണം — പ്രവാസി ലീഗൽ സെൽ

  • Home page
  • Business & Strategy
  • കുസാറ്റിൽ ഗൾഫ് പ്രവാസികളുടെ കുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സി.ജി.ഡബ്ല്യു. സീറ്റുകൾ വിപുലീകരിക്കണം; ഈടാക്കിയ അധിക അപേക്ഷാഫീസ് തിരികെ നൽകണം — പ്രവാസി ലീഗൽ സെൽ

കുസാറ്റിൽ ഗൾഫ് പ്രവാസികളുടെ കുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സി.ജി.ഡബ്ല്യു. സീറ്റുകൾ വിപുലീകരിക്കണം; ഈടാക്കിയ അധിക അപേക്ഷാഫീസ് തിരികെ നൽകണം — പ്രവാസി ലീഗൽ സെൽ


കുസാറ്റിലെ (Cochin University of Science and Technology) ചിൽഡ്രൻ ഓഫ് ഇന്ത്യൻ വർക്കേഴ്സ് ഇൻ ഗൾഫ് കൺട്രീസ് (CGW) വിഭാഗത്തിലുള്ള സീറ്റുകൾ പ്രധാന കോഴ്സുകളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നും, സി.ജി.ഡബ്ല്യു. സീറ്റുകളില്ലാത്ത കോഴ്സുകൾ മാത്രം തെരഞ്ഞെടുത്ത അപേക്ഷകരിൽനിന്ന് ഈടാക്കിയ അധിക അപേക്ഷാഫീസ് തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ കുസാറ്റ് വൈസ് ചാൻസലർക്ക് നിവേദനം നൽകി.

കുസാറ്റ് CAT 2026 പ്രോസ്പെക്ടസ് പ്രകാരം സാധാരണ അപേക്ഷാഫീസ് 1,500 രൂപയാണ്. എന്നാൽ സി.ജി.ഡബ്ല്യു. വിഭാഗം തിരഞ്ഞെടുക്കുന്നവർ 6,500 രൂപ അടയ്ക്കണം. ഇങ്ങനെ 5,000 രൂപ അധികമായി ഈടാക്കുമ്പോഴും, സ്കൂൾ ഓഫ് എൻജിനിയറിങ് ക്യാമ്പസ് ഒന്നിലെ എട്ട് ബി.ടെക്. കോഴ്സുകളിലായി 36 സീറ്റുകളും ഒരു എം.ടെക്. കോഴ്സിൽ ഒരു സീറ്റും മാത്രമാണ് സി.ജി.ഡബ്ല്യു. വിഭാഗത്തിൽ അനുവദിച്ചിട്ടുള്ളത്. അഞ്ചുവർഷ നിയമ കോഴ്സുകൾ ഉൾപ്പെടെ ഭൂരിഭാഗം കോഴ്സുകളിലും സി.ജി.ഡബ്ല്യു. സീറ്റുകളില്ല.

അപേക്ഷയുടെ മൂന്നാം ഘട്ടത്തിൽ സി.ജി.ഡബ്ല്യു. വിഭാഗം തിരഞ്ഞെടുക്കുകയും അഞ്ചാം ഘട്ടത്തിൽ കോഴ്സ് തിരഞ്ഞെടുക്കുകയും ഏഴാം ഘട്ടത്തിൽ ഫീസ് അടയ്ക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. പ്രത്യേക സംവരണം എല്ലാ കോഴ്സുകളിലും ലഭ്യമല്ലെന്ന പൊതുവായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, തിരഞ്ഞെടുത്ത കോഴ്സിൽ സി.ജി.ഡബ്ല്യു. സീറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കണമെന്ന വ്യക്തമായ നിർദേശം ഫീസ് അടയ്ക്കുന്ന ഘട്ടത്തിൽ നൽകുന്നില്ല. അതേസമയം, എൻ.ആർ.ഐ. വിഭാഗം തിരഞ്ഞെടുക്കുന്നതിനു മുമ്പ് പ്രസ്തുത കോഴ്സിൽ എൻ.ആർ.ഐ. സീറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കണമെന്ന് പ്രോസ്പെക്ടസിൽ പ്രത്യേകം നിർദേശിക്കുന്നുണ്ട്.

സി.ജി.ഡബ്ല്യു. സീറ്റില്ലാത്ത കോഴ്സിന്റെ റാങ്ക് ലിസ്റ്റിൽ പോലും അപേക്ഷകനെ സി.ജി.ഡബ്ല്യു. വിഭാഗമായി കാണിക്കുന്നത് സംവരണ ആനുകൂല്യം ലഭിക്കുമെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയുണ്ട്. സി.ജി.ഡബ്ല്യു.യും എൻ.ആർ.ഐ.യും വ്യത്യസ്ത വിഭാഗങ്ങളായതിനാൽ ഇവ തമ്മിൽ സ്വമേധയാ മാറ്റം വരുത്താനാവില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

സി.ജി.ഡബ്ല്യു. സീറ്റുകൾ പരിമിതപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കുന്ന നയം പ്രസിദ്ധീകരിക്കുക, പ്രധാന കോഴ്സുകളിലേക്കും അഞ്ചുവർഷ നിയമ കോഴ്സുകളിലേക്കും സീറ്റുകൾ വ്യാപിപ്പിക്കുക, കോഴ്സ് അടിസ്ഥാനത്തിലുള്ള സീറ്റ് പട്ടിക പ്രസിദ്ധീകരിക്കുക, അപേക്ഷയുടെയും ഫീസ് അടയ്ക്കുന്നതിന്റെയും ഘട്ടങ്ങളിൽ വ്യക്തമായ മുന്നറിയിപ്പ് നൽകുക, സി.ജി.ഡബ്ല്യു. സീറ്റുകളില്ലാത്ത കോഴ്സുകൾ മാത്രം തെരഞ്ഞെടുത്തതായി സ്ഥിരീകരിക്കുന്ന അപേക്ഷകർക്ക് അധികമായി ഈടാക്കിയ 5,000 രൂപ തിരികെ നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

സി.ജി.ഡബ്ല്യു. വിഭാഗത്തിൽ ലഭിച്ച അപേക്ഷകളുടെയും ഈടാക്കിയ തുകയുടെയും കണക്കുകൾ പുറത്തുവിടണമെന്നും പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു. കുസാറ്റ് CAT 2026 പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനാൽ നിലവിലെ പ്രവേശനഘട്ടത്തിൽത്തന്നെ വിഷയം അടിയന്തരമായി പരിശോധിച്ച് തീരുമാനമെടുക്കണമെന്നും എത്രയും പെട്ടെന്ന് വിശദമായ മറുപടി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Comment