തിരുവനന്തപുരം: കള്ളൻ വിജയൻ ഫീച്ചർ വിവാദത്തിൽ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്നും മാറ്റിയ എഡിറ്റർ കെ ആർ അജയൻ ദേശാഭിമാനിയിൽ നിന്ന് രാജിവച്ചു. റസിഡന്റ് എഡിറ്റർ അദ്ദേഹത്തോട് നേരത്തെ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന ലേഖനത്തിലെ തലക്കെട്ട് പാർട്ടി വിരുദ്ധമല്ല എന്ന് കെ ആർ അജയൻ വിശദീകരണവും നൽകിയിരുന്നു. ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കാത്ത ഫീച്ചർ സമൂഹമാദ്ധ്യമങ്ങളിൽ ലേഖകൻ ടി.സി രാജേഷ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഫീച്ചറിന്റെ തലക്കെട്ട് മാറ്റുന്നതിന് ആവശ്യപ്പെട്ടിട്ടും ചെയ്യാതെ ആ വിവരം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നുകാണിച്ചാണ് റസിഡന്റ് എഡിറ്റർ, അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. പക്ഷെ ടി സി രാജേഷ് എഴുതിയ ഈ ലേഖനം ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ’ എന്ന തലക്കെട്ടിൽ തന്നെ പ്രസിദ്ധീകരിച്ചു. ഇതോടെ എഡിറ്റോറിയൽ ബോർഡിലെ ചില അംഗങ്ങൾ എതിർത്തു. വാരാന്തപ്പതിപ്പ് മുടങ്ങുന്ന അവസ്ഥയുമുണ്ടായി.