തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ പൊലീസിനെതിരെ സ്പെഷൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പ്രതികളെ സ്റ്റേഷൻ പരിസരത്തുനിന്ന് പിരിച്ചുവിടുന്നതിൽ എസ്എച്ച്ഒ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പൊലീസുകാർ പ്രതികൾക്ക് ഏതെങ്കിലും തരത്തിൽ സഹായം നൽകിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ സ്വന്തം ശുപാർശകൾ ഉൾപ്പെടുത്തി ഐജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
ഓണാഘോഷത്തിനായി മ്യൂസിയം പൊലീസ് പാളയത്തെ കടയിൽനിന്ന് 68 ഷർട്ടുകളാണ് വാങ്ങിയത്. വാങ്ങിയ ഷർട്ടുകളുടെ എണ്ണവും അവ പൊലീസുകാർക്ക് വിതരണം ചെയ്തതിന്റെ പട്ടികയും അന്വേഷണ സംഘം പരിശോധിച്ചു. എന്നാൽ ഇഡി കേസിലെ പ്രതിയായ ഐ.പി. ബിനുവിന് പൊലീസ് ഷർട്ട് വാങ്ങി നൽകിയതായി കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.
ബിനു ധരിച്ചിരുന്ന ഷർട്ടും പൊലീസുകാർ ധരിച്ചിരുന്ന ഷർട്ടും നീല നിറത്തിലുള്ളതായിരുന്നെങ്കിലും ഇവ തമ്മിൽ വ്യത്യാസമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികൾ സ്റ്റേഷനിലെത്തുമ്പോൾ എസ്എച്ച്ഒ ആർ. പ്രശാന്ത് അവിടെയുണ്ടായിരുന്നു. പ്രതിയായ ഉണ്ണിയുമായി സ്റ്റേഷന് മുന്നിലും ഐ.പി. ബിനുവുമായി സ്റ്റേഷനുള്ളിലും എസ്എച്ച്ഒ സംസാരിച്ചതായും റിപ്പോർട്ടിലുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
എസ്എച്ച്ഒ സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്താണ് പ്രതികൾ സ്റ്റേഷന് പുറത്തുവച്ച് റീൽ ചിത്രീകരിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ സ്റ്റേഷൻ പരിസരത്ത് തുടരുന്നത് തടയുന്നതിൽ എസ്എച്ച്ഒയ്ക്കും മറ്റ് പൊലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി എത്തിയവർ ഓണാഘോഷത്തിൽ
ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിലെത്തി ഒപ്പിടേണ്ടിയിരുന്ന പ്രതികൾ പൊലീസ് സ്റ്റേഷൻ വളപ്പിലെ ഓണാഘോഷത്തിൽ പങ്കെടുത്തതാണ് വിവാദമായത്. പ്രതികൾക്കൊപ്പം പൊലീസുകാർ ഓണാഘോഷത്തിൽ പങ്കെടുത്തതും റീൽ ചിത്രീകരിച്ചതുമാണ് നേരത്തെ വിമർശനങ്ങൾക്ക് ഇടയാക്കിയത്.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കൊപ്പം പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്.
