മക്ക: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ നാല് നഴ്സുമാരും വാഹനമോടിച്ചിരുന്ന സൗദി പൗരനും മരിച്ചു. മരിച്ച നഴ്സുമാരിൽ രണ്ട് പേർ മലയാളികളും രണ്ട് പേർ തമിഴ്നാട് സ്വദേശികളുമാണ്.
പാലാ കിടങ്ങൂർ സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുളൂർ ആനച്ചേരി അഞ്ചക്കുന്നേൽ സ്വദേശി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തഞ്ചാവൂർ പട്ടുക്കോട്ടൈ സ്വദേശി ദേവമണി ഹെപ്സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ.
മക്കയിലെ അൽഗഫ, അൽവെ പ്രദേശങ്ങളിലെ സൗദി സർക്കാർ ഡിസ്പൻസറികളിൽ ജീവനക്കാരായിരുന്നു അപകടത്തിൽപ്പെട്ട നാല് നഴ്സുമാരും. ജോലി ആവശ്യവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിൽ വാഹനമോടിച്ചിരുന്ന സൗദി പൗരനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങളും മരണകാരണമടക്കമുള്ള കാര്യങ്ങളും അധികൃതർ അന്വേഷിച്ചുവരികയാണ്.