തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി പ്രഖ്യാപനം പിൻവലിച്ചു. ബിജെപി നേതാക്കൾ നടത്തിയ അനുനയ ശ്രമത്തിനൊടുവിലാണ് രാജിയിൽനിന്ന് പിൻവാങ്ങിയത്. രാജിക്കത്ത് കൈമാറിയതായി അറിയിച്ച വാട്സാപ്പ് പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തു.
ശനിയാഴ്ച ശാസ്തമംഗലം വാർഡ് വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് താൻ മേയർക്ക് രാജിക്കത്ത് കൈമാറിയ കാര്യം ശ്രീലേഖ വെളിപ്പെടുത്തിയത്. രാജിക്കത്ത് ലഭിച്ചെന്ന് മേയർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ അനുനയം നടത്തിയത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലുള്ള ശ്രീലേഖയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉൾപ്പെടെയുള്ളവർ സന്ദർശിക്കുകയും രാജിവാർത്ത തള്ളുകയും ചെയ്തിരുന്നു. പിന്നാലെയാണ് ശ്രീലേഖ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് രാജിക്കത്ത് കൈമാറിയെന്ന സന്ദേശം പിൻവലിച്ചത്.
തന്നെ മേയറാക്കാത്തതിലുള്ള അതൃപ്തി പലപ്പോഴായി പങ്കുവെച്ചിട്ടുള്ള ശ്രീലേഖയുടെ രാജി പ്രഖ്യാപനം ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പിക്ക് ശ്രീലേഖ രാജിവെച്ചാൽ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
ഇതിനിടെ ആർ ശ്രീലേഖ ആശുപത്രിയിൽനിന്ന് ഡിസ്ചാർജാകുകയുംചെയ്തു.
