മലയാളികളുടെ മഹോത്സവമായ ഓണത്തിലേക്കുള്ള പത്താമുദയത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് അത്തം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തിന്റെയും ദിവസങ്ങളുടെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു. അത്തം നഗറില്‍ പതാക ഉയരുന്നതിന് പിന്നാലെ വര്‍ണ്ണാഭമായ ഘോഷയാത്രയുമുണ്ടാകും. ഇതോടെ ഓണത്തിന്റെ സംസ്ഥാന തലത്തിലെ ഔദ്യോഗിക ആഘോഷങ്ങള്‍ക്കും തുടക്കമാകും.
മഹാമാരിയില്‍ നഷ്ടപ്പെട്ട രണ്ടു വര്‍ഷത്തിന് ശേഷം വിപുലമായ രീതിയിലാണ് ഇത്തവണ രാജനഗരിയിലെ അത്ത ദിന ആഘോഷം. ഇന്ന് രാവിലെ എട്ടുമുതല്‍ സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീത പരിപാടികളോടെ അത്താഘോഷം ആരംഭിക്കും. 9 മണിക്ക് മന്ത്രി വി എ ന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി പി രാജീവ് ചടങ്ങില്‍ അധ്യക്ഷനാകും. തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബു അത്ത പതാകയുയര്‍ത്തും. കളക്ടര്‍ രേണു രാജ് ഐഎഎസ്, അനൂബ് ജേക്കബ് എംഎല്‍എ എന്നിവര്‍ ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ച് ഫ്ലാഗ് ഓഫ് ചെയ്യും.
അത്തച്ചമയ ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് നിന്ന് പുറപ്പെട്ട് നഗരം ചുറ്റി രണ്ടു മണിയോടെ തിരിച്ചെത്തും. രാവിലെ 10 മുതല്‍ സിയോണ്‍ ഓഡിറ്റോറിയത്തില്‍ പൂക്കള മത്സരം. വൈകീട്ട് അഞ്ചിന് ഓണം കലാസന്ധ്യ ലായം കൂത്തമ്പലത്തില്‍ നടന്‍ ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് വയോമിത്രം നേക്കരയുടെ കലാപരിപാടികളുമുണ്ടാകും. ഏഴിന് ഹിന്ദുസ്ഥാനി സംഗീതവും 8.30ന് ആലപ്പുഴ സംസ്‌കൃതിയുടെ ഗാനമേളയുമുണ്ടാകും.
കള്ളവും ചതിയുമില്ലാതിരുന്ന കാലത്തിന്റെ ഗൃഹാതുര സ്മരണകളുമായി മാവേലി മന്നന്റ വരവിനായി മലയാള നാട് ഒരുങ്ങിക്കഴിഞ്ഞു. കൊവിഡ് മൂലം തഴയപ്പെട്ട ഒത്തുചേരലുകളും സജീവമാകുകയാണ്.
ഓണപ്പൂക്കളവും, ഓണക്കോടിയും, ഊഞ്ഞാലാട്ടവും, ആര്‍പ്പുവിളികളും, ഓണസദ്യയും, ഓണക്കളികളുമെല്ലാം മഹാമാരിയുടെ കാലത്തും മാറ്റ് കുറയാതെ തന്നെയുണ്ടാകും. പ്രളയവും മഹാമാരിയും പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പൊഴും ഓണത്തെ വരവേല്‍ക്കുന്നതില്‍ മലയാളികള്‍ വിമുഖത കാണിച്ചിട്ടില്ല. മണ്ണും മനുഷ്യരും പ്രകൃതിയും ഒരുപോലെ കൊണ്ടാടുന്ന പൊന്നോണമെത്തുമ്പോള്‍ ആഘോഷങ്ങളില്ലാതിരിക്കുന്നതെങ്ങനെ.
അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം പിന്നെ ഉത്രാടം കഴിഞ്ഞ് പത്തിന് തിരുവോണം. പൂവിളികളും പൂത്തുമ്പിയും തുമ്പയും തുളസിയുമെല്ലാം പണ്ടത്തെ പോലെ സുലഭമല്ല. പ്രകൃതിയുടെ സ്വാഭാവിക പരിതസ്ഥിതികളിൽ വന്ന മാറ്റങ്ങള്‍ ഓണത്തേയും ബാധിച്ചിട്ടുണ്ട്. മുറ്റം നിറയെ വിടര്‍ന്ന പൂക്കളില്ല, കാലം തെറ്റി വരുന്ന മഴയും, ദുരന്തങ്ങളും ഓണക്കാലത്ത അതിജീവനത്തിന്റെ ആഘോഷമായും മാറ്റി. പ്രളയത്തിലും മഹാമാരിയിലും ചെറുത്തു നില്‍പ്പിന്റെ കൂടി പ്രതീകമായി ഓണം.
മലയാളികളുടെ ജീവിതത്തോട് ഇത്രയധികം ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ഉത്സവവുമില്ല. ഓണത്തിന്റെ നന്മയും ഓര്‍മ്മകളും മനസ്സില്‍ സൂക്ഷിക്കുന്ന ഏവര്‍ക്കും ബി.എം.സി ന്യൂസിന്റെ അത്തദിന ആശംസകള്‍.