തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാൻ അബിൻ വർക്കിക്ക്‌ തുക നൽകി ഉഷ

  • Home-FINAL
  • Kerala
  • തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാൻ അബിൻ വർക്കിക്ക്‌ തുക നൽകി ഉഷ

തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാൻ അബിൻ വർക്കിക്ക്‌ തുക നൽകി ഉഷ


പുന്നപ്ര: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ആറന്മുളയിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള പണം ഉഷ ജോസഫ് നൽകി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയെത്തുടർന്ന് 5 വർഷം വേദന അനുഭവിച്ചയാളാണ്‌ ഉഷ. 2021 മേയ് 12ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർ‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക പോലുള്ള ശസ്ത്രക്രിയാ ഉപകരണം (ആർട്ടറി ഫോർസെപ്സ്) മറന്നുവച്ചത്. 10 സെന്റീമീറ്ററോളം നീളമുള്ള ഉപകരണവുമായി തൊഴിലുറപ്പ് തൊഴിലാളിയായ പുന്നപ്ര നാൽപതിൽചിറയിൽ ഉഷ ജോസഫ് (51) 5 കൊല്ലത്തോളം വേദന സഹിച്ചുജീവിക്കുകയായിരുന്നു. തുടർച്ചയായ വയറു വേദനയെത്തുടർന്നു നടത്തിയ സ്കാനിങിലാണ് കഴിഞ്ഞമാസം വയറ്റിൽ കത്രിക കണ്ടെത്തിയത്. തുടർന്ന്, കൊച്ചി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ഉപകരണം പുറത്തെടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ഉഷാ ജോസഫിന്റെ കുടുംബം നൽകാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഇന്നലെ രാത്രി ഉഷ, ഭർത്താവ് ജോസഫ്, മകൻ ഷിബിൻ എന്നിവരിൽ നിന്നു തുക ഏറ്റുവാങ്ങിയത്.

മെ‍ഡിക്കൽ കോളജ് ഡോക്ടർമാരുടെ അനാസ്ഥയിൽ അഞ്ചു വർഷം വേദന സഹിക്കേണ്ടി വന്ന ഉഷാ ജോസഫിൽ നിന്നു തുക ഏറ്റു വാങ്ങുമ്പോൾ ഉത്തരവാദിത്തം ഇരട്ടിയാകുന്നതായി അബിൻ വർക്കി പറഞ്ഞു. ഈ പ്രോത്സാഹനം തനിക്കു തുടർന്നുള്ള പൊതുപ്രവർത്തനത്തിൽ മുതൽക്കൂട്ടാകും. ആരോഗ്യ മേഖലയുടെ ഇന്നത്തെ അവസ്ഥയുടെ ജീവിക്കുന്ന രക്തസാക്ഷിയിൽ നിന്നുള്ള അനുഗ്രഹമായി ഇതു കരുതുന്നതായും അബിൻ വർക്കി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി എസ്.പ്രഭുകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, പുന്ന‌പ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് കെ.എഫ്.തോബിയാസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങാമഠം എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave A Comment