കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധ നേടിയ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ സ്വന്തം വസതിയിൽ വച്ചായിരുന്നു അന്ത്യം. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അടുത്തിടെയാണ് നടിയെ വീട്ടിലേക്ക് മാറ്റിയത്.
40 വർഷം നീണ്ടു നിന്ന നാടകഭിനയജീവിതമാണ് സാവിത്രിയുടേത്. പതിനാറാം വയസിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്ക് പ്രവേശിച്ചത്. 1964ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു.
കാര യുവജന കലാസമിതിയുടെ നോട്ടുകൾ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. കെടി മുഹമ്മദിന്റെ ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന നാടകമാണ് അഭിനയ ജീവിതത്തിൽ നിർണായകമായത്. കെടിയുടെ ‘കലിംഗ’, ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയറ്റേഴ്സ്, വിക്രമൻനായരുടെ ‘സ്റ്റേജ് ഇന്ത്യ’ തുടങ്ങിയ സമിതികളിൽ അഭിനയിച്ചു. സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരവും സാവിത്രിക്ക് ലഭിച്ചിട്ടുണ്ട്.
1991ൽ എംടിയുടെ കടവ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് ചലച്ചിത്ര രംഗത്തിലേയ്ക്ക് കടന്നുവരുന്നത്. പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമാരംഗത്തേയ്ക്ക് കടന്നുവരികയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിയ്ക്കുള്ള 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അറുപത്തിയാറാമത് ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും നേടി.