എഡിജിപി എം.ആർ.അജിത്കുമാർ ശബരിമലയിലേക്ക് ട്രാക്ടറിൽ സഞ്ചരിച്ച സംഭവത്തിൽ ഡ്രൈവറുടെ പേരിൽ കേസ്. പമ്പ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേ സമയം എ.ഡി.ജി.പി ട്രാക്ടറിൽ യാത്ര ചെയ്ത സംഭവത്തിൽ ഹൈക്കോടതി രൂക്ഷവിമർശനമാണ് നടത്തിയത്. യാത്ര മനഃപൂർവമാണെന്നും ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്നും പരാമർശമുണ്ടായി. സ്വാമി അയ്യപ്പൻ റോഡിലൂടെ ചരക്കു നീക്കത്തിനായി മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് നേരത്തെ കോടതി ഉത്തരവുണ്ട്. അധികൃതരുടെ വിശദീകരണം ലഭിച്ച ശേഷമാകും കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കുക.
സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിനോടും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോടും റിപ്പോർട്ട് നൽകാനും വിശദമായ സത്യവാങ്മൂലം നൽകാൻ ഡിജിപിക്കും നിർദേശം നൽകി. മോട്ടർ വാഹന ആക്ട് പ്രകാരമാണ് ട്രാക്ടർ ഡ്രൈവർക്കെതിരെ കേസ്. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം വാഹനമോടിച്ചതിനും രാത്രി 9നു ശേഷം നിയമ വിരുദ്ധമായി മൂന്നുപേരെ ട്രാക്ടറിൽ കയറ്റിയതിനുമാണ് കേസ്. ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്ന പൊലീസിന്റെ ട്രാക്ടറിലായിരുന്നു യാത്ര. രാവിലെ ശബരിമല സ്‌പെഷൽ കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി വിമർശനങ്ങൾ ഉന്നയിച്ചത്.

