കോന്നി: യുഡിഎഫ് യോഗം വിളിക്കാതെയും തന്നെ അറിയിക്കാതെയുമാണു സർക്കാർ പ്രധാന തീരുമാനങ്ങൾ പോലും കൈക്കൊള്ളുന്നതെന്ന പ്രതികരണത്തിൽ ഉറച്ചുനിന്ന് മുന്നണി കൺവീനർ അടൂർ പ്രകാശ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരിക്കൽ മാത്രമാണ് യുഡിഎഫ് യോഗം ചേർന്നതെന്നും പല കാരണങ്ങൾ കൊണ്ടും യോഗം നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടേയും പിന്തുണ ചോദിച്ചല്ല താൻ ഒന്നും തുറന്നു പറഞ്ഞതെന്നും എഐസിസിയെ ഇക്കാര്യങ്ങൾ ഉടൻ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി
‘‘യുഡിഎഫിനുള്ളിൽ സംഘർഷമില്ല. കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം പറയേണ്ടി വന്നു എന്നത് യാഥാർഥ്യമാണ്. ആരുടേയും പിന്തുണ ചോദിച്ചല്ല ഞാൻ ഒന്നും പറഞ്ഞത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണം മാത്രമാണ് നടത്തിയത്. എല്ലാം എഐസിസിയെ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അറിയിക്കും. എന്നെ നിയോഗിച്ചത് എഐസിസിയാണ്. അതുകൊണ്ട് അവരെ അറിയിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. വിമർശന ചേരിയിൽ ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്. ആരുടേയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരിക്കൽ മാത്രമാണ് യുഡിഎഫ് യോഗം ചേർന്നത്. ക്ലിഫ് ഹൗസില് വച്ചായിരുന്നു യോഗം. പിന്നീട് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് യോഗം ചേരാൻ സാധിച്ചിട്ടില്ല. ആർക്കും ഒരു പദവിയും കൊടുത്തതിന് എതിരല്ല. എം.കെ.മുനീറിനോ ദേവരാജിനോ സ്ഥാനം കൊടുത്തതിനും എതിരല്ല. ഇവരെല്ലാം ഘടകക്ഷി നേതാക്കളാണ്; യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ ഒരുപാട് കഠിനാധ്വാനം നടത്തിയവരാണ്. അവർക്ക് എന്തെങ്കിലും സ്ഥാനം കൊടുക്കുന്നതിന് എതിരല്ല. പക്ഷേ, ഇത്തരം കാര്യംങ്ങൾ കൂട്ടായ ചർച്ചയിലൂടെ വേണം തീരുമാനമെടുക്കാൻ എന്നാണ് യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഞാൻ പറഞ്ഞത്’’– അടൂർ പ്രകാശ് പറഞ്ഞു.
