കൊച്ചി: വിന്റർ ഷെഡ്യൂളിൽ കുവൈത്തിൽ നിന്നും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളുമുൾപ്പെടെ റദ്ദാക്കിയ എയർ ഇന്ത്യ മറ്റു നിരവധി സർവീസുകളും വെട്ടിക്കുറച്ചു. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലുള്ള വിന്റർ ഷെഡ്യൂളിലാണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്ന നീക്കം. കൂടുതലും മലബാറിൽ നിന്നുള്ള യാത്രക്കാരെയാണ് ഈ നടപടി ബാധിക്കുന്നത്.
സമ്മർ ഷെഡ്യൂളിൽ ബഹ്‌റൈൻ, കുവൈത്ത്, അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ, ജിദ്ദ, മസ്‌കത്ത്, ദമാം റൂട്ടുകളിൽ എയർ ഇന്ത്യയ്ക്ക് 96 സർവീസുകൾ ഉള്ളത് വിന്റർ ഷെഡ്യൂളിലെത്തുമ്പോൾ 54 ആയി കുറയും.
കണ്ണൂരിൽ നിന്ന് ഇനി കുവൈത്ത്, ബഹ്റൈൻ, ജിദ്ദ, ദമാം റൂട്ടികളിലേക്കും നേരിട്ട് സർവീസുകൾ ഉണ്ടാവില്ല എന്നും അറിയുന്നു.
സമ്മർ ഷെഡ്യൂളിൽ ഉണ്ടായിരുന്ന കുവൈത്ത് (ആഴ്ചയിൽ 2), ബഹ്റൈൻ (ആഴ്ചയിൽ 2), ജിദ്ദ (ആഴ്ചയിൽ 2), ദമ്മാം (ആഴ്ചയിൽ 3)- ഇവ എയർ ഇന്ത്യ പൂർണമായും നിറുത്തി. ഷാർജ റൂട്ടിൽ ആഴ്ചയിൽ 12 ഫ്‌ളൈറ്റുകൾ നേരത്തെയുണ്ടായിരുന്നത് 7 ആക്കി കുറച്ചതും പ്രവാസികളെ ബാധിച്ചിട്ടുണ്ട്. ഇതേ പോലെ മസ്‌കത്ത് റൂട്ടിൽ ആഴ്ചയിൽ 7 ഫ്‌ളൈറ്റുകളുണ്ടായിരുന്നത് 4 ആക്കിയും കുറച്ചു. ദുബായ്, റാസൽഖൈമ റൂട്ടിൽ ആഴ്ചയിൽ ഓരോ ഫ്‌ളൈറ്റുകളും കുറച്ചു. ഇതോടെ കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്. അതേ സമയം എയർ ഇന്ത്യയുടെ ഈ നിലപാടിൽ കടുത്ത പ്രതിഷേധവുമായി സംഘടനകൾ രംഗത്തെത്തി.

