ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി

  • Home-FINAL
  • International
  • ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി

ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി


ന്യൂഡൽഹി:ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA) അപൂർവ അപകടം. ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എയർബസ് A350-900 വിമാനത്തിന്റെ എഞ്ചിനിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി എഞ്ചിന് കേടുപാടുകൾ സംഭവിച്ചു.
240 യാത്രക്കാരുമായി വ്യാഴാഴ്ച പുലർച്ചെ 3.13ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട AI101 വിമാനമാണ് അപകടത്തിൽപെട്ടത്. ഇറാന്റെ വ്യോമമേഖല അപ്രതീക്ഷിതമായി അടച്ചതിനെ തുടർന്ന് യാത്ര പുറപ്പെട്ട വിമാനം തിരിച്ച് ഡൽഹിയിലേക്ക് വരുകയായിരുന്നു. രാവിലെ 5.47ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എന്നാൽ ഇതിനിടെ എഞ്ചിനിൽ കാർഗോ കണ്ടെയ്നർ കുടുങ്ങുകയായിരുന്നെന്ന്
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വൃത്തങ്ങൾ അറിയിച്ചു. വിമാനത്തിന്റെ രണ്ടാം എഞ്ചിനിലാണ് ബാഗേജ് കണ്ടെയ്‌നർ കുടുങ്ങിയത്. സംഭവത്തിൽ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയായ ബേർഡ് വേൾഡ് വൈഡ് ഫ്ലൈറ്റ് സർവീസസ് ബേ 242ന് സമീപം കണ്ടെയ്‌നറുകൾ നീക്കുന്നതിനിടെയാണ് ഒരു ഡോളിയുടെ ചക്രം പൊട്ടിപ്പോയതിനെ തുടർന്ന് കണ്ടെയ്‌നർ ടാക്‌സിവേയിൽ വീണതെന്ന് കണ്ടെത്തി. സമീപത്തുണ്ടായിരുന്ന ഉപകരണങ്ങൾ ഉടൻ മാറ്റിയെങ്കിലും, കണ്ടെയ്‌നർ അവിടെയുണ്ടായിരുന്നതിനെ തുടർന്ന് വിമാനത്തിന്റെ എഞ്ചിൻ ഇൻടേക്കിലേക്ക് അത് കുടുങ്ങുകയായിരുന്നു.
മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ ഉണ്ടായ “ഫോറിൻ ഒബ്ജക്ട് സ്‌ട്രൈക്ക്” ആണെന്ന് എയർ ഇന്ത്യ വിശദീകരിച്ചു. വിമാനം സ്റ്റാൻഡ് 244ൽ സുരക്ഷിതമായി നിർത്തിയിട്ടുണ്ടെന്നും, അറ്റകുറ്റപ്പണികളും വിശദമായ അന്വേഷണവും പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.

Leave A Comment