അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും ബഹ്‌റൈനിലെ ഫിലിപ്പീൻസ് എംബസിയും ചേർന്ന് ‘ഹെൽത്തി പിനോയ് ക്യാമ്പയിൻ – സീസൺ 3’ പ്രഖ്യാപിച്ചു.ബഹ്‌റൈനിലെ ഫിലിപ്പീൻസ് സമൂഹത്തിന്റെ ആരോഗ്യ പരിരക്ഷയ്ക്കായി ആണ് അൽ ഹിലാൽ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്.മനാമ സെൻട്രൽ ബ്രാഞ്ചിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്. ജൂലൈ 31 വെള്ളിയാഴ്ച ക്യാമ്പയിൻ ആരംഭിക്കും. ഓഗസ്റ്റ് 1 മുതൽ 31 വരെ അഅൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ ഒഴികെയുള്ള ബഹ്‌റൈനിലെ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ എല്ലാ ശാഖകളിലും ഫിലിപ്പീൻസ് പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാകും.ഫിലിപ്പീൻസ് അംബാസഡർ ഗിനസ് ജെയിംസ് റിക്കാർഡോ ഡി. ഗല്ലാഗ, അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രൻ, ബിസിനസ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് അസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സാഹൽ ജമാലുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ക്യാമ്പയിന്റെ ഭാഗമായി രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോൾ, ക്രിയാറ്റിനിൻ , എസ്‌ജിപിടി (കരൾ പ്രവർത്തനം), യൂറിക് ആസിഡ് പരിശോധനകൾ, രക്തസമ്മർദ്ദ പരിശോധന, ഓക്സിജൻ സാച്ചുറേഷൻ പരിശോധന, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ എന്നിവ ലഭ്യമാകും.ബഹ്‌റൈനിലെ ഫിലിപ്പീൻസ് സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഈ ക്യാമ്പയിൻ സഹായകരമാകുമെന്ന് ഫിലിപ്പീൻസ് അംബാസഡർ പറഞ്ഞു. ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.എല്ലാവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് സിഇഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. രോഗങ്ങൾ നേരത്തെ കണ്ടെത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഈ ക്യാമ്പയിൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
