മലപ്പുറം/കൊച്ചി: ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലാണ് അർജുന്റെ ഭാര്യയുടെ പേരിലുള്ള വാഹനം കണ്ടെത്തിയത്. പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ആയങ്കി, മലപ്പുറം എടപ്പാളിലെ റസ്റ്ററന്റിലെത്തി ഭക്ഷണവും ചായയും കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിരൂർ ഡിവൈഎസ്പി എ.എം. സിദ്ദീഖിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, അർജുന് ഒളിത്താവളമൊരുക്കാൻ സഹായിച്ച 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ കുറിപ്പ് പങ്കുവച്ചതിന് അർജുൻ ആയങ്കിക്കെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് പുതിയ കേസെടുത്തു. മനോജ് ജോസ് ആഴകത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
അർജുൻ ആയങ്കിയെ കണ്ടെത്താൻ എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ മേൽനോട്ടത്തിൽ 11 അംഗ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇയാൾ ഇപ്പോഴും ഒളിവിലാണ്. പൊലീസിനെതിരെ സോഷ്യൽ മീഡിയ വഴി നിരന്തരം വെല്ലുവിളികൾ ഉയർത്തുന്ന ആയങ്കി, കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവുണ്ടെന്ന വാർത്തകളോട് “മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല” എന്നാണ് പ്രതികരിച്ചത്. അർജുൻ ആയങ്കി വിഷയത്തിൽ എല്ലാം പൊലീസ് നോക്കുമെന്നും റൗഡികൾ പലതും പറയുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
