ചെന്നൈ: ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്ന് നടൻ മോഹൻലാൽ. ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ്‌ബോസിന്റെ സെറ്റിൽ വച്ചാണ് വിവരം അറിയുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. ഏറ്റവും ഉൾപുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു. 48 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാർഡ്.
‘ഇപ്പോഴാണ് വിവരം അറിഞ്ഞത്. ഇതിനായി എന്നെ തിരഞ്ഞെടുത്ത ജൂറിയ്ക്കും കേന്ദ്ര സർക്കാരിനും നന്ദി. എന്റെ പ്രേക്ഷകരോടും എന്നെ ഞാൻ ആക്കിമാറ്റിയ എല്ലാവരോടും നന്ദി. സിനിമാ കുടുംബത്തിനോടും എന്റെ കുടുംബത്തോടും നന്ദി. ഇത് വലിയ ഒരു അംഗീകാരമാണ്. എന്റെ മാത്രം അംഗീകാരമല്ല. ഇത് മലയാള സിനിമയുടെ അംഗീകാരമാണ്. എന്നെ സ്‌നേഹിക്കുന്ന എല്ലാവരുമായും പുരസ്‌കാരം ഞാൻ പങ്കുവയ്ക്കുന്നു. ഒരുപാട് വലിയ മഹാന്മാർ കടന്നുപോയ വഴികളാണ്. ഈശ്വരനോടും നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതും ഞാൻ കണ്ടു. ഒരുപാട് നന്ദി’- മോഹൻലാൽ പറഞ്ഞു.
‘ഞാൻ മദ്രാസിലൊരു ഷൂട്ടിലാണ്. ഇതിനിടെയാണ് അവാർഡ് ലഭിച്ച വിവരം അറിയുന്നത്. നമുക്ക് ലഭിച്ച വലിയ അംഗീകരമാണ്. അവാർഡിന് തിരഞ്ഞെടുത്ത ജൂറിയെയും സർക്കാരിനെയും ആദ്യം മനസാൽ നമസ്‌കരിക്കുന്നു. ഇത്രയും വലിയൊരു അംഗീകാരം എനിക്ക് സാധ്യമാക്കിത്തന്ന എന്റെ കൂടെയുള്ളവർക്കും കുടുംബത്തിനും നന്ദി പറയുന്നു. എന്നെ ഇഷ്ടപ്പെടുന്ന എന്റെ പ്രേക്ഷകരോട് നന്ദി പറയുന്നു, ഇശ്വരനോട് നന്ദി പറയുന്നു. 48 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ കാര്യമാണ് ഈ അവാർഡ്. ഈ നിമഷത്തെ വളരെ ഉൾപ്പുളകത്തോടെ ഞാൻ ഏറ്റുവാങ്ങുന്നു. ഒരുപാട് പേർക്ക് പ്രചോദനമാണ്. ചടങ്ങിൽ പങ്കെടുക്കുമെന്നും താരം പറഞ്ഞു. നേരത്തെ ലഭിക്കേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ ദാസാ എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.

