ബഹ്റൈനിൽ കടുത്ത വേനല്‍ച്ചൂടിന് താത്ക്കാലിക ആശ്വാസമേകി ശരത്കാലത്തിന് തുടക്കമായി. ബഹ്‌റൈനിൽ സെപ്റ്റംബർ 1 മുതൽ കാലാവസ്ഥാ അടിസ്ഥാനത്തിലുള്ള ശരത്കാലത്തിന് ആണ് തുടക്കമായത്. കലണ്ടർ പ്രകാരം ശരത്കാലം ആരംഭിച്ചെങ്കിലും വേനൽച്ചൂടിൽ നിന്ന് പെട്ടെന്നൊരു മാറ്റം ഉടൻ പ്രതീക്ഷിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു .സെപ്റ്റംബർ ഒന്നു മുതല്‍ ആരംഭിച്ച ഈ പുതിയ ഋതുവില്‍ വരും മാസങ്ങളില്‍ രാജ്യത്തുടനീളം താപനില ക്രമാനുഗതമായി കുറയുമെന്ന് അധികൃതർ അറിയിച്ചു.സെപ്റ്റംബർ മൂന്നുവരെ രാജ്യത്ത് ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് .സെപ്റ്റംബർ നാലു മുതൽ കാറ്റിൻറെ വേഗത കുറയുമെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പത്തിൻ്റെ അളവ് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി .സെപ്റ്റംബർ പകുതിയോടെയും അവസാനത്തോടെയുമാകും താപനിലയിൽ പ്രകടമായ കുറവ് രേഖപ്പെടുത്താൻ തുടങ്ങുക.വരും ദിവസങ്ങളിൽ ചൂട് നിലനിൽക്കുമെങ്കിലും ഈ മാസം പകുതിയോടെ രാത്രികാലങ്ങളിൽ നല്ല തണുത്ത കാറ്റും സുഖകരമായ കാലാവസ്ഥയും അനുഭവപ്പെട്ടു തുടങ്ങും .വരും ദിവസങ്ങളിലെ കൃത്യമായ വിവരങ്ങൾക്കായി ബഹ്‌റൈൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും അധികൃതർ അഭ്യർത്ഥിച്ചു