ബഹ്റൈനിൽ ജൂൺ 15 മുതൽ മധ്യാഹ്ന തൊഴിൽനിരോധനം ഏർപ്പെടുത്തും. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഹോട്ട്ലൈൻ ഏർപ്പെടുത്തി. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് തടവും കനത്ത പിഴയും നേരിടേണ്ടിവരും. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യസംരക്ഷണവും ഉറപ്പാക്കാനാണ് നടപടി.2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ വരുന്ന നിയമ പ്രകാരം, ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണിവരെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ തൊഴിലാളികളെ പുറംജോലികൾക്ക് നിയോഗിക്കുന്നത് തൊഴിലുടമകൾക്ക് വിലക്കിയിട്ടുണ്ട്. വേനൽക്കാലത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടും ഉയർന്ന ഈർപ്പവും മൂലം തൊഴിലാളികൾക്ക് ഉണ്ടാകാവുന്ന ചൂടേറ്റുള്ള ക്ഷീണം, സൂര്യാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേനൽക്കാലത്ത് സംഭവിക്കാവുന്ന തൊഴിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും ഈ തീരുമാനം സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മധ്യാഹ്ന തൊഴിൽനിരോധനവുമായി ബന്ധപ്പെട്ട പരാതികളും നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി 17873921 എന്ന ഹോട്ട്ലൈൻ നമ്പറും തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 4 വരെ ഫോൺ മുഖേന പരാതികൾ അറിയിക്കാം. ഇതേ നമ്പറിലേക്ക് വാട്സ്ആപ്പ് വഴിയും വിവരങ്ങൾ കൈമാറാവുന്നതാണ്.
