ആഗോള കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സിൽ (CPPI) ഉന്നത നേട്ടം കൈവരിച്ച് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖം. ലോകബാങ്കും എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസും സംയുക്തമായി പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിൽ ആഗോളതലത്തിൽ 19-ാം സ്ഥാനമാണ് ഈ തുറമുഖം സ്വന്തമാക്കിയത്. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തുറമുഖങ്ങളിൽ ഒന്നായി ഖലീഫ ബിൻ സൽമാൻ തുറമുഖം മാറി.റിപ്പോർട്ടിംഗ് കാലയളവിൽ പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ ലോകത്ത് ഏറ്റവും വലിയ പുരോഗതി കൈവരിച്ച അഞ്ച് തുറമുഖങ്ങളിൽ ഒന്നായി ഖലീഫ ബിൻ സൽമാൻ തുറമുഖം അംഗീകരിക്കപ്പെട്ടു. കപ്പലുകൾ തുറമുഖത്ത് എത്തുന്ന സമയം മുതൽ ചരക്ക് നീക്കം പൂർത്തിയാക്കി പുറപ്പെടുന്നത് വരെയുള്ള മൊത്തം സമയം വിലയിരുത്തിയാണ് ഈ റാങ്കിംഗ് നിശ്ചയിക്കുന്നത്. വേഗതയേറിയതും കൃത്യവുമായ കപ്പൽ കൈകാര്യം ചെയ്യൽ ഈ നേട്ടത്തിന് പ്രധാന പങ്കുവഹിച്ചു.
