ഓൺലൈൻ തട്ടിപ്പിന് പുതിയ രീതി, വ്യാജടിക്കറ്റ് നൽകി നടത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ .സംഗീതപരിപാടികൾ, വിനോദ പരിപാടികൾ, കായിക മത്സരങ്ങൾ, യാത്ര എന്നിവയ്ക്കുള്ള വ്യാജ ടിക്കറ്റുകൾ ഉൾപ്പെടുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതോ രാജ്യത്ത് നടക്കാത്തതോ ആയ പരിപാടികളുടെ ടിക്കറ്റുകൾ പരസ്യപ്പെടുത്തുന്ന സോഷ്യൽ മീഡിയ പേജുകളെക്കുറിച്ച് കലണ്ടർ ബഹ്‌റൈനാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ബാക്ക്സ്ട്രീറ്റ് ബോയ്സ് ബഹ്റൈനിൽ പ്രകടനം നടത്തുമെന്ന് ഒരു ഓൺലൈൻ അക്കൗണ്ട് അവകാശപ്പെട്ടതിനെ തുടർന്നാണ് കലണ്ടർ ബഹ്റൈനിൽ നിന്നുള്ള ഈ മുന്നറിയിപ്പ്. 25 ദിനാറിനും 150 ദിനാറും നിരക്ക് ഈടാക്കിയുള്ള ടിക്കറ്റുകളുടെ പരസ്യം നൽകിയിരുന്നു. ചിലർ ടിക്കറ്റുകൾ വാങ്ങിയതായി റിപ്പോർട്ടുണ്ട്.ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ ടിക്കറ്റുകൾ വാങ്ങിക്കാൻ പാടുള്ളൂ എന്ന് പൊതുജനങ്ങളോട് കലണ്ടർ ബഹ്‌റൈൻ അഭ്യർത്ഥിച്ചു.വ്യാജ വെബ്‌സൈറ്റുകളിലൂടെയും സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും നിലവിലില്ലാത്ത ടിക്കറ്റുകൾ പ്രമോട്ട് ചെയ്തുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്.പരിപാടികൾ നടത്തുന്ന സംഘാടകരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നോ അംഗീകൃത ടിക്കറ്റിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്നോ മാത്രമായി ടിക്കറ്റുകൾ വാങ്ങുക, പണമടയ്ക്കുന്നതിന് മുമ്പ് വെബ്‌സൈറ്റ് ലിങ്കുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക എന്നീ കാര്യങ്ങൾ നിർബന്ധമായും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
